Asianet News MalayalamAsianet News Malayalam

രാജ്യത്ത് മൊബൈല്‍ ഡാറ്റ,കോള്‍ നിരക്കുകള്‍ 10 ശതമാനം കൂടും

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. 

Mobile phone consumers should brace for tariff hikes say experts
Author
Mumbai, First Published Sep 2, 2020, 11:37 AM IST

മുംബൈ: രാജ്യത്തെ മൊബൈല്‍ ഡാറ്റയുടെ നിരക്ക് അടുത്ത മാര്‍ച്ച് മാസത്തിനുള്ളില്‍ 10 ശതമാനം വര്‍ദ്ധിച്ചേക്കുമെന്ന് സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളാണ് ഇത്തരം ആലോചന നടത്തുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിധി വന്നിരുന്നു ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് വര്‍ദ്ധനയും ചര്‍ച്ചയാകുന്നത്.

ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി കഴിഞ്ഞ ദിവസം സുപ്രീംകോടതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ  പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച് 31 ന് മുന്‍പ് നല്‍കണം എന്നും നിര്‍ദേശമുണ്ട്.

ഇത് പ്രകാരം ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ തുക കണ്ടെത്താന്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് ടെലികോം വിപണി വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ കോള്‍ ഡാറ്റ നിരക്കുകള്‍ കഴിഞ്ഞ ഡിസംബറില്‍ 40 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്.  

ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് ടെലികോം കമ്പനികളുടെ കുടിശിക. സ്പെക്ട്രം ഉപയോഗം, ലൈസന്‍സ് ഫീ ഇനത്തില്‍ സര്‍ക്കാരിന് ടെലികോം കമ്പനികള്‍ നല്‍കേണ്ട തുകയാണ് മൊത്ത വരുമാന കുടിശിക അഥവാ എജിആര്‍.

Follow Us:
Download App:
  • android
  • ios