വോട്ട് ചെയ്യാനുള്ള അവസാന തീയതി അടുക്കുന്നതോടെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് എങ്ങും. ആര് ജയിക്കും എന്നത് തന്നെയാണ് ചര്‍‍ച്ചയുടെ പ്രധാന വിഷയം. വോട്ടെടുപ്പ് പുരോമഗിക്കുമ്പോള്‍ വിവിധ അഭിപ്രായ സര്‍വേകളില്‍ മുന്‍തൂക്കം ബൈഡനാണ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. എന്നാല്‍ ഗൂഗിള്‍ അടക്കമുള്ള സെര്‍ച്ച് എഞ്ചിനുകളിലെ സെര്‍‍ച്ചിംഗ് ട്രെന്‍റുകള്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയുന്നത് മറ്റൊരു കാര്യമാണ്.

വെബ് സേര്‍ച്ചുകളില്‍ ഭൂരിഭാഗവും ട്രംപിനെക്കുറിച്ചാണ് എന്നാണ് റിപ്പോര്‍ട്ട്. ബൈഡന് വന്‍ഭൂരിപക്ഷം അമേരിക്കന്‍ സര്‍വേകള്‍ പ്രവചിക്കുമ്പോള്‍  ട്രംപിന്‍റെ വിജയ സാധ്യത തേടുന്നവരാണ് കൂടുതല്‍ എന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. മാര്‍ച്ച് മുതല്‍ ഇതേ ട്രെന്‍റാണ് സെര്‍ച്ചിംഗില്‍ കാണുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

'ട്രംപ് വിന്‍' (‘Trump Win’) എന്നു വെബില്‍ തിരയുന്നവരുടെ എണ്ണമാണ്, ബൈഡന്‍ വിന്‍ (‘Biden win’)എന്നതിനെക്കാള്‍ കൂടുതല്‍.  എന്നാല്‍ വെബ് സെര്‍ച്ച് റിസല്‍‍ട്ടുകള്‍ എന്തെങ്കിലും ട്രന്‍റിന്‍റെ സൂചനയാണോ എന്ന കാര്യത്തില്‍ ഒരു തീര്‍പ്പ് ബ്ലൂംബെര്‍ഗിന്‍റെ റിപ്പോര്‍ട്ട്  പറയുന്നില്ല. 

ഗവേഷകര്‍ പറയുന്നത് 2016ലെ ട്രംപിന്റെ വിജയം തന്നെ ഇത്തരത്തിലൊരു സാധ്യതയാണ് കാണിച്ചു തരുന്നത്. എന്തും സാധ്യമാണ്. നിലവിലെ പോളുകള്‍ പ്രകാരം ബൈഡന് സുവ്യക്തമായ ലീഡാണുള്ളത്. ഫൈവ്‌തേട്ടിഎയ്റ്റിന്റെ കണക്കു പ്രകാരം ബൈഡന് 8.8 ശതമാനം ലീഡാണുളളത്. എന്നാല്‍, ഇക്കാര്യത്തില്‍ അത്ര വലിയ ഉറപ്പൊന്നും നല്‍കാത്തവരുമുണ്ട്. 

ഉദാഹരണത്തിന് ആഗോള സാമ്പത്തിക വിപണികളൊന്നും വൈറ്റ് ഹൗസിലേക്ക് ബൈഡന്‍ എത്താന്‍ പോകുന്നു എന്ന പ്രചാരണത്തിന് ഒരു വിലയും കല്‍പ്പിച്ചിട്ടില്ല. നീല തരംഗം ആഞ്ഞടിക്കുമെന്നൊന്നും അവര്‍ കരുതുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 ജെപിമോര്‍ഗന്‍ ചെയ്‌സ് ആന്‍ഡ് കമ്പനി കഴിഞ്ഞയാഴ്ച നടത്തിയ പ്രവചന പ്രകാരം ട്രംപിന്റെ വിജയം അമേരിക്കന്‍ ഓഹരികള്‍ക്കും ഡോളറിനും ഗുണം ചെയ്യുമെന്നു പറയുന്നു. ഗൂഗിളില്‍ ട്രംപിന്റെ വിജയത്തെക്കുറിച്ചുള്ള സെര്‍ച്ചുകള്‍ കൂടിയത് എന്തെങ്കിലും ട്രന്‍റാണോ എന്ന് അറിയാന്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടിയിരിക്കുന്നു.