ദില്ലി: എംഎസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ക്രിക്കറ്റ് ഇതിഹാസങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ സൈബര്‍ലോകത്ത് സെര്‍ച്ചിംഗില്‍ ഇവര്‍ അപകടകാരികളാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. മെക്കഫിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഇവരെക്കുറിച്ചുള്ള ഇന്‍റര്‍നെറ്റ് സെര്‍ച്ചിംഗ് കമ്പ്യൂട്ടറിലും ഫോണിലും വൈറസ് ആക്രമണത്തിന് സാധ്യത കൂടുതലായി ഉണ്ടാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. 

സച്ചിന്‍റെയും ധോണിയുടെയും പേരില്‍ നിരവധി മാല്‍വെയറുകള്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെ വഴി തെറ്റിക്കാന്‍ വലിയതോതില്‍ സജീവമാണ് എന്ന് പഠനം പറയുന്നു.  ധോണിയുടെ പേരിലാണ് മാല്‍വെയറുകള്‍ കൂടുതല്‍. രണ്ടാം സ്ഥാനത്ത് സച്ചിനാണ്. മൂന്നാം സ്ഥാനത്ത് ബിഗ് ബോസ് 8ലെ വിജയിയായ ഗൗതം ഗുലാത്തിയാണ് മൂന്നാം സ്ഥാനത്ത്.

സൈബര്‍ ഹാക്കേര്‍സാണ് ഇത്തരം മാല്‍വെയറുകള്‍ക്ക് പിന്നില്‍ എന്നാണ് മെക്കഫി റിപ്പോര്‍‌ട്ട് പറയുന്നത്. അടുത്തകാലത്ത് പെയ്ഡ് ആയിട്ടുള്ള ആപ്പുകളും സൈറ്റുകളും ഇന്ത്യയില്‍ സജീവമാണ്. അതിനാല്‍ സ്പോര്‍ട്സ് താരങ്ങളും, സിനിമ താരങ്ങളും ഉള്‍പ്പെടുന്ന കണ്ടന്‍റുകള്‍ തിരയുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്‍റെ ആനുകൂല്യം മുതലാക്കുവാനാണ് മാല്‍വെയറുകള്‍ ഈ താരങ്ങളുടെ പേരില്‍ നിര്‍മ്മിച്ചുവിടുന്നത്. പല വെബ് സൈറ്റുകളിലും  സെലിബ്രറ്റികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി ടാഗുകള്‍ നല്‍കുകയും  ചെയ്യുന്നു. സ്വഭാവികമായി താരങ്ങളുടെ കണ്ടന്‍റ് സെര്‍ച്ച് ചെയ്യുന്നവരുടെ ഇടയിലേക്ക് ഈ സൈറ്റുകള്‍ കടന്നുവരും.

ഇവര്‍ക്ക് പുറമേ സണ്ണി ലിയോണിന്‍റെ പേരിലും മാല്‍വെയറുകള്‍ രംഗത്തുണ്ട്. രാധിക അപ്തേ, ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, പിവി സിന്ധു തുടങ്ങിയ നിരവധിപ്പേരുടെ പേരില്‍ മാല്‍വെയറുകള്‍ സജീവമാണ്.