Asianet News MalayalamAsianet News Malayalam

ടിക് ടോക്കിനെ ഇന്ത്യയില്‍ രക്ഷിക്കാന്‍ അംബാനി ഇറങ്ങുമോ? വിശദാംശങ്ങളിങ്ങനെ

രണ്ട് കമ്പനികളും ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ജൂണില്‍ നിരോധനത്തിന് മുമ്പ്, ടിക്ക് ടോക്കിന് ഇന്ത്യയില്‍ 200 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു, കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറായിരുന്നു. 

Mukesh Ambani RIL in talks with parent ByteDance to acquire TikTok in India
Author
Mumbai, First Published Aug 14, 2020, 4:38 PM IST

മുംബൈ: ടിക് ടോക്ക് ഉടമ ബൈറ്റ്ഡാന്‍സ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചര്‍ച്ച നടത്തുന്നു. ടിക്ക്‌ടോക്കിന്റെ ഇന്ത്യന്‍ ബിസിനസിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായാണ് പ്രാരംഭ ഘട്ട ചര്‍ച്ച നടത്തുന്നത്. ദേശീയ സുരക്ഷ, ഡാറ്റാ സ്വകാര്യത ആശങ്കകള്‍ എന്നിവ കാരണം ടിക്ക്‌ടോക്കും മറ്റ് 58 ആപ്ലിക്കേഷനുകള്‍ക്കും ജൂണ്‍ 29 ന് ഇന്ത്യയില്‍ നിരോധിച്ചിരുന്നു.

രണ്ട് കമ്പനികളും ജൂലൈയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും ഇടപാടിനെക്കുറിച്ച് അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്ന് ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഓയില്‍ റീട്ടെയില്‍ കമ്പനി ടിക്ക് ടോക്കില്‍ നടത്തുന്ന നിക്ഷേപം അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നില്‍ വലിയ മുന്നേറ്റമായിരിക്കും ഉണ്ടാക്കുക. കൂടാതെ, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ആര്‍ഐഎല്‍ ഉപഭോക്താക്കളുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം ഈ ഇടപാട് നല്‍കുകയും ചെയ്യും. ഇതാണ് ടിക്ക്‌ടോക്ക് ലക്ഷ്യമിടുന്നത്.

രണ്ട് കമ്പനികളും ഇതുവരെ ഔദ്യോഗിക പ്രസ്താവനകള്‍ നടത്തിയിട്ടില്ല. ജൂണില്‍ നിരോധനത്തിന് മുമ്പ്, ടിക്ക് ടോക്കിന് ഇന്ത്യയില്‍ 200 ദശലക്ഷത്തിലധികം വരിക്കാരുണ്ടായിരുന്നു, കമ്പനിയുടെ മൂല്യം 3 ബില്യണ്‍ ഡോളറായിരുന്നു. ടിക് ടോക്കിന്റെയും ആര്‍ഐഎല്ലിന്റെയും സംയോജനം ജിയോ പ്ലാറ്റ്‌ഫോമുകളുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല. 400 ദശലക്ഷം ഉപയോക്താക്കളെ കൂടാതെ ഫേസ്ബുക്കും ഗൂഗിളും ഉള്‍പ്പെടെ നിരവധി വന്‍കിട നിക്ഷേപകരും റിലയന്‍സില്‍ ഉണ്ട്. ആര്‍ഐഎല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള മുകേഷ് അംബാനിയുടെ പദ്ധതിക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. ചൈനയില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായുള്ള ആപ്ലിക്കേഷന്റെ ബന്ധത്തെക്കുറിച്ച് ഗുരുതരമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത് നിരോധിച്ച ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആശങ്കകള്‍ പരിഹരിക്കാനും ഈ ഇടപാടിന് കഴിയും.

ഗൂഗിളില്‍ നിന്നുള്ള ഏറ്റവും പുതിയ നിക്ഷേപം 33,737 കോടി രൂപയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമുകള്‍ ഏപ്രില്‍ മുതല്‍ ജെപിഎല്ലില്‍ മൊത്തം 1,52,056 കോടി രൂപ ചെലവഴിച്ചു. വിസ്റ്റ, ജനറല്‍ അറ്റ്‌ലാന്റിക്, കെകെആര്‍, മുബഡാല, ടിപിജി, എല്‍ കാറ്റര്‍ട്ടണ്‍, ഇന്റല്‍ ക്യാപിറ്റല്‍, സില്‍വര്‍ ലേക്ക്, ക്വാല്‍കോം വെഞ്ചേഴ്‌സ്, ഫേസ്ബുക്ക് എന്നിവരുടെയൊക്കെ നിക്ഷേപം ഇവിടെയുണ്ട്. 

ഇന്ത്യയിലെ ചൈന വിരുദ്ധ വികാരങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ പരിഹരിക്കുന്നതിന് പാടുപെടുന്ന ബൈറ്റ്ഡാന്‍സ്, ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുത്തുന്നുണ്ടെന്നും രാജ്യത്ത് ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയില്ലെന്നും ഉറപ്പ് നല്‍കി. ഇന്ത്യയെ കൂടാതെ, അമേരിക്ക പോലുള്ള രാജ്യങ്ങളിലും ടിക് ടോക്ക് സമാന പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു അമേരിക്കന്‍ കമ്പനി വാങ്ങുന്നില്ലെങ്കില്‍ ഇന്ത്യയുടെ മാതൃകയില്‍ ആപ്ലിക്കേഷന്‍ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റുമായി ടിക് ടോക്ക് ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നു. 

ടിക്ക് ടോക്കിനെ ഇന്ത്യയില്‍ ഏറ്റെടുക്കുന്നതായ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ആര്‍ഐഎല്‍ ഓഹരി വില 0.2 ശതമാനം അഥവാ 4.25 രൂപ ഉയര്‍ന്ന് 2,131.35 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് ദേശീയ ഓഹരി വിപണിയില്‍ 2,127.6 രൂപയായിരുന്നു.

Follow Us:
Download App:
  • android
  • ios