Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ 5ജി എന്ന് വരും; അംബാനിക്കും മിത്തലിനും രണ്ട് അഭിപ്രായം.!

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഉടമയായ മുകേഷ് അംബാനി ഇന്ത്യയില്‍ 5ജി ടെക്നോളജി 2021ന്‍റെ രണ്ടാംപാദത്തില്‍ രംഗത്ത് എത്തിക്കും എന്നാണ് പറയുന്നത്. 

Mukesh Ambani Sunil Mittal differ on 5G rollout timeline
Author
Mumbai, First Published Dec 9, 2020, 10:40 AM IST

ദില്ലി: ഇന്ത്യന്‍ ടെലികോം രംഗത്തെ അതികായന്മാരായ റിലയന്‍സിനും, എയര്‍ടെല്ലിനും ഇന്ത്യയില്‍ 5ജി നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഈ രംഗത്ത് പരസ്യമായ ഒരു കാര്യമാണ്. ഇത് കൂടുതല്‍ വ്യക്തമാക്കുന്നതാണ് എയര്‍ടെല്‍ തലവന്‍ സുനില്‍ മിത്തലിന്‍റെയും റിലയന്‍സ് ജിയോ തലവന്‍ മുകേഷ് അംബാനിയുടെയും പുതിയ പ്രസ്താവനകള്‍.

ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോയുടെ ഉടമയായ മുകേഷ് അംബാനി ഇന്ത്യയില്‍ 5ജി ടെക്നോളജി 2021ന്‍റെ രണ്ടാംപാദത്തില്‍ രംഗത്ത് എത്തിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഭാരതി എയര്‍ടെല്‍ ഉടമ സുനില്‍ മിത്തലിന് ഇതിനോട് യോജിപ്പ് ഇല്ല, മൂന്ന് വര്‍ഷവും കൂടി എടുത്താല്‍ മാത്രമേ ഇന്ത്യയിലെ ആഭ്യന്തര ടെലികോം വിപണി 5ജി ടെക്നോളജിക്കായി പാകപ്പെടു എന്നാണ് എയര്‍ടെല്‍ മേധാവിയുടെ വാദം.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ നാലാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു ടെലികോം രംഗത്തെ അതികായന്മാര്‍. 5ജി നടപ്പിലാക്കുന്നത് ജിയോയുടെ എതിരാളികള്‍ വളരെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത് എന്നാണ് മിത്തലിന്‍റെ പ്രസ്താവന തെളിയിക്കുന്നത് എന്നാണ് ടെലികോം രംഗത്തെ വിദഗ്ധര്‍ പറയുന്നത്. മുന്‍പ് 4ജി ഇന്‍റര്‍നെറ്റുമായി ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന ജിയോ ശരിക്കും ഫ്രീ നല്‍കി വിപണി പിടിക്കുകയായിരുന്നു. ഇത് എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ പോലുള്ള കമ്പനികള്‍ക്ക് ശരിക്കും തിരിച്ചടിയായി. 

അതിനാല്‍ തന്നെ 5ജി വേഗം രംഗത്ത് എത്തുന്നത് തങ്ങളുടെ സ്ഥിതി കൂടുതല്‍ പരുങ്ങലിലാക്കുമെന്നാണ് മറ്റ് ടെലികോം കമ്പനികള്‍ കരുതുന്നത്. അതേ സമയം ഇന്ത്യയില്‍ 5ജി വിപ്ലവത്തിന്‍റെ തുടക്കക്കാര്‍ ജിയോ ആയിരിക്കുമെന്നാണ് അംബാനി പ്രസ്താവിച്ചത്. ഇത് 2021ന്‍റെ രണ്ടാം പാദത്തോടെ സാധ്യമാകുമെന്നും അംബാനി പറഞ്ഞു. 5ജിക്ക് വേണ്ടിയുള്ള സാങ്കേതിക കാര്യങ്ങളും ഉപകരണങ്ങളും തദ്ദേശീയമായി ആത്മനിര്‍ഭര്‍ ഭാരത് പ്രകാരം ഉണ്ടാക്കുന്നതായിരിക്കുമെന്നും അംബാനി പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ 5ജി സ്പെക്ട്രത്തിന്‍റെ വില കൂടുതലാണ് എന്ന നിലപാടിലാണ് എയര്‍ടെല്‍. എന്നാല്‍ ഇതുവരെ 5ജി സ്പെക്ട്രം വില്‍പ്പന സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചിട്ടില്ല. അതേസമയം ജിയോ ഇതിനകം തന്നെ 5ജിക്ക് വേണ്ടിയുള്ള ഒരുക്കത്തിലാണ് എന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios