Asianet News MalayalamAsianet News Malayalam

യൂടായിൽ നിന്നും അപ്രത്യക്ഷമായ 'നിഗൂഢ ലോഹതൂണ്‍' റൊമാനിയയില്‍.?

സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 
 

Mysterious monolith found in Romania days after a similar one vanished in Utah
Author
USA, First Published Dec 1, 2020, 10:06 AM IST

ബാറ്റ്കാസ്: അമേരിക്കയിലെ യൂടായിൽ നിന്നും നിഗൂഢ ലോഹതൂണ്‍ അപ്രത്യക്ഷമായതിന് പിന്നാലെ സമാനമായ ലോഹത്തൂൺ ഇപ്പോൾ റൊമാനിയയിലും കണ്ടെത്തി. യൂടായിലെ തൂൺ അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ലോഹത്തില്‍ തീര്‍ത്ത ഒറ്റത്തൂൺ കണ്ടെത്തിയത്. 

തിരിച്ചറിയാൻ കഴിയാത്ത ചിലർ ഒറ്റത്തൂൺ യൂടായിൽ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവർ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. അന്യഗ്രഹ ജീവികൾ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. എന്നാൽ, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 

കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍  മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്. 

വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി. ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. 

ഒറ്റ ദിവസം കൊണ്ടാണ് യൂടായിലെ ലോഹത്തൂൺ അപ്രത്യക്ഷമായത്. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചവർ ഇത് കണ്ടിരുന്നു. എന്നാൽ, ശനിയാഴ്ച ഇത് കാണാതായി. തൂൺ നിന്ന സ്ഥലത്ത് ത്രികോണാകൃതിയിൽ ഒരു കുഴിയും കണ്ടെത്തി.

ഇപ്പോള്‍ ഇതാ ഇവിടെ നിന്നും 6000 മൈൽ അകലെ തൂൺ കണ്ടത്തിയത്. നേരത്തെ ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. 

ലോഹം കൊണ്ട് നിർമ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. എന്നാൽ, ഏത് ലോഹമാണ് ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios