ദില്ലി: രണ്ടു ദിവസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനുമായി നെറ്റ്ഫ്ലിക്സ്. ഇതിനായി കാര്‍ഡിന്റെ വിവരങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും കമ്പനി. ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സിനിമയോ സീരിയലോ കാണാന്‍ കഴിയും. എല്ലാ ഉപയോക്താക്കളെയും നെറ്റ്ഫ്‌ലിക്‌സില്‍ ഒരു പൈസയും ചെലവഴിക്കാതെ 48 മണിക്കൂര്‍ സ്ട്രീം ചെയ്യാന്‍ അനുവദിക്കുമെന്ന് ഒക്ടോബറില്‍ കമ്പനി അറിയിച്ചിരുന്നു. സ്ട്രീംഫെസ്റ്റ് എന്നാണ് ഇതിന്റെ പേര്. ഇത് ഡിസംബര്‍ 5 ന് ഇന്ത്യയില്‍ ലൈവാകും.

പേര്, ഇമെയില്‍ വിലാസം എന്നിവ നല്‍കി ഓഫര്‍ നേടാനായി പാസ്‌വേഡ് ഉണ്ടാക്കാം. സിനിമകള്‍, ഷോകള്‍, ഡോക്യുമെന്ററികള്‍, സീരിയലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മുഴുവന്‍ നെറ്റ്ഫ്ലിക്സ് കാറ്റലോഗും കാണാന്‍ പ്രമോഷണല്‍ ഓഫര്‍ ഉപയോക്താക്കളെ അനുവദിക്കും. 'ഇതൊരു ആവേശഭരിതമായ ആശയമാണെന്നു ഞങ്ങള്‍ക്കറിയാം. രാജ്യത്തിലെ എല്ലാവര്‍ക്കും നെറ്റ്ഫ്‌ലിക്‌സിലേക്ക് പ്രവേശനം നല്‍കാനും അവരെ ഒരു സ്ട്രീമിങ് കുടക്കീഴില്‍ നിര്‍ത്താനുമാണ് ഞങ്ങളുടെ യത്‌നം.' ഇന്ത്യയിലെ സ്ട്രീംഫെസ്റ്റിനെ കുറിച്ച് നെറ്റ്ഫ്ലിക്സ് സിഒഒ ഗ്രെഗ് പീറ്റേഴ്‌സ് പറഞ്ഞു. 

സ്ട്രീംഫെസ്റ്റിനായി രജിസ്റ്റര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടന്റ് ബ്രൗസ് ചെയ്യാന്‍ കഴിയും, അവരുടെ സ്മാര്‍ട്ട് ടിവി, ഗെയിമിംഗ് കണ്‍സോള്‍, ഐഒഎസ്, ആന്‍ഡ്രോയിഡ് അപ്ലിക്കേഷനുകള്‍, പിസി എന്നിവയില്‍ അപ്ലിക്കേഷന്‍ സ്ട്രീം ചെയ്യാന്‍ കഴിയും. എന്നാല്‍, എച്ച്ഡി സ്ട്രീമിംഗ് ലഭ്യമായിരിക്കില്ല, പകരം സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ (എസ്ഡി) ആയിരിക്കും. ഈ വര്‍ഷം ആദ്യം, നെറ്റ്ഫ്ലിക്സ് ഇന്ത്യയില്‍ 30 ദിവസത്തെ സൗജന്യ ട്രയല്‍ വാഗ്ദാനം ചെയ്തത് നിര്‍ത്തിയിരുന്നു. 

ഇന്ത്യയില്‍ കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് 199 രൂപയ്ക്ക് കുറഞ്ഞ നിരക്കില്‍ മൊബൈല്‍ സ്ട്രീമിംഗ് പ്ലാന്‍ ഇപ്പോള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ, ഇന്ത്യന്‍ വരിക്കാരുടെ പോക്കറ്റിന് അനുയോജ്യമായ നിരവധി ഹ്രസ്വകാല പദ്ധതികളും നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ആമസോണ്‍ പ്രൈം, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, സീ 5, ആള്‍ട്ട് ബാലാജി, വൂട്ട് എന്നിവയും നെറ്റ്ഫ്ലിക്സിനോട് മത്സരിക്കാനുണ്ട്.