Asianet News MalayalamAsianet News Malayalam

Whatsapp : ഫേസ്ബുക്കിലെ തട്ടിപ്പ് വാട്ട്സ്ആപ്പിലേക്കും; ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

. അടുത്തിടെ നിയമസഭ സ്പീക്കര്‍ എംബി രാജേഷ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഒരു നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ചിലര്‍ വാട്ട്സ്ആപ്പില്‍ ബന്ധപ്പെട്ടുവെന്ന്.

New type of whatsapp scam beware this fraud
Author
New Delhi, First Published Apr 27, 2022, 2:28 PM IST

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്ന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രോഫൈലില്‍ നിന്നെന്ന് തോന്നിക്കുന്ന രീതിയില്‍ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലര്‍ക്കും ലഭിക്കാറ്.

ഇത്തരത്തില്‍ തുടക്കകാലത്ത് ഇതില്‍ വീണുപോയവര്‍‍ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി പറയുന്ന ഫോണ്‍‍ നമ്പറിലേക്ക് പണം കൈമാറും. എന്നാല്‍ പിന്നീടാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുക. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ് കേരള പൊലീസിന്‍റെ അടക്കം പല അന്വേഷണങ്ങളും പറയുന്നത്. നേരത്തെ തന്നെ ഇത്തരം ഫേസ്ബുക്ക് തട്ടിപ്പുകള്‍ക്കെതിരെ ആളുകള്‍ പ്രതികരിക്കാന്‍ ആരംഭിച്ചിരുന്നു. 

ഇത് പ്രകാരം ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചെന്ന് അറിഞ്ഞാല്‍ ഉടന്‍ തന്നെ ഇത് സംബന്ധിച്ച് അക്കൗണ്ട് ഉടമകള്‍ പോസ്റ്റുകള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ അടുത്തകാലത്ത് ഇത്തരം തട്ടിപ്പിന് ചെറിയ ശമനം ഉണ്ടായിട്ടുണ്ടെന്നാണ് സോഷ്യല്‍മീഡിയ നിരീക്ഷിക്കുന്നവര്‍ തന്നെ പറയുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈ തട്ടപ്പ് വാട്ട്സ്ആപ്പിലേക്കും വ്യാപിച്ചുവെന്നാണ് വിവരം. അടുത്തിടെ നിയമസഭ സ്പീക്കര്‍ എംബി രാജേഷ് ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഒരു നമ്പറില്‍ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ചിലര്‍ വാട്ട്സ്ആപ്പില്‍ ബന്ധപ്പെട്ടുവെന്ന്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വജയന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈല്‍ നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം നടന്നചായും വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്നാണ് പൊലീസ് നിഗമനം. 

പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചുവെന്നാണ് വിവരം. ഡിജിപി അനില്‍ കാന്തിന്‍റെ പേരിലും സമാന രീതിയില്‍ തട്ടിപ്പ് നടന്നിരുന്നു.

തട്ടിപ്പ് രീതി

ആദ്യം ഹായ് പറഞ്ഞ ശേഷം 'ഫോട്ടോ' അയക്കുന്നതാണ് രീതി. പിന്നീട് സുഖ വിവരങ്ങള്‍ ചോദിച്ച ശേഷം  ആവശ്യം പറഞ്ഞ് പണം ചോദിക്കും. പലപ്പോഴും ഇംഗ്ലീഷില്‍ ആയിരിക്കും ചാറ്റിംഗ് നടക്കുന്നത്. സുഹൃത്തിന് വേണ്ടിയാണ് പണമെന്നും ഈ നമ്പറിലേക്ക് അയച്ചാല്‍ മതിയെന്ന് പറഞ്ഞ് പുതിയൊരു നമ്പര്‍ തരും. ഈ നമ്പര്‍ ഗൂഗിള്‍ പേയിലും മറ്റും പരിശോധിച്ചാല്‍ പലപ്പോഴും ഉത്തരേന്ത്യന്‍ പേരുകളാണ് ലഭിക്കുക. ട്രൂകോളറില്‍ ഈ നമ്പര്‍ പരിശോധിച്ചാല്‍ പലരും ഇത് സ്പാം നമ്പറായി ഫീഡ് ചെയ്തതായും കാണുന്നുണ്ട് എന്നാണ് വിവരം.

തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ചെയ്യേണ്ടത്

1. ഇത്തരം സന്ദേശം വന്നാല്‍, ആരുടെ പേര് പറഞ്ഞാണോ സന്ദേശം അയക്കുന്നത് ആ വ്യക്തിയുടെ യഥാര്‍ത്ഥ നമ്പറില്‍ വിളിച്ച് വിവരം തിരക്കുക.
2. വാട്ട്സ്ആപ്പ് അക്കൌണ്ടിന്‍റെ പ്രൊഫൈല്‍ വിശദമായി നോക്കുക.
3. കോളര്‍ ഐഡി ആപ്പ് ഉണ്ടെങ്കില്‍ അത് വച്ച് നമ്പര്‍ പരിശോധിക്കുക
4. സ്ഥിരമായി മലയാളത്തില്‍ ചാറ്റ് ചെയ്യുന്നയാള്‍ മറ്റൊരു നമ്പറില്‍ നിന്നും ഇംഗ്ലീഷിലാണ് സംസാരിക്കുന്നെങ്കില്‍ തീര്‍ച്ചയായും സംശയിക്കുക.
5. മറ്റൊരു നമ്പറില്‍ നിന്നും പ്രസ്തുത ചാറ്റ് വന്ന നമ്പറിലേക്ക് വിളിക്കുക.
6. ആരുടെ പേര് പറഞ്ഞാണോ സന്ദേശം അയക്കുന്നത്, അയാളെ ബന്ധപ്പെടുകയും. ഇത് വച്ച് ഉടന്‍ പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യുക 

Follow Us:
Download App:
  • android
  • ios