അന്ന് ഉണ്ടായിരുന്ന ERNET രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് കിട്ടിയിരുന്നത്.

ദില്ലി: 1987-88 കാലഘട്ടത്തില്‍ അദ്വാനിയുടെ കളര്‍ഫോട്ടോ പകര്‍ത്തി ഇ-മെയില്‍ അയച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദം ഏറെ ട്രോളുകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ 87-88 കാലഘട്ടത്തില്‍ ഇ-മെയില്‍ അയച്ചെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം തള്ളിക്കളയുകയാണ് മുന്‍ വിഎസ്എന്‍എല്‍ മേധാവി ബികെ സിംഗാള്‍. ഇന്ത്യയില്‍ വാണിജ്യാടിസ്ഥാന ഇന്‍റര്‍നെറ്റ് കൊണ്ടുവന്നയാളായി അറിയപ്പെടുന്നയാളാണ് ബികെ സിംഗാള്‍. 1995ലാണ് ഇന്ത്യയില്‍ ഇ-മെയില്‍ വന്നത് എന്നും ഇതിന് മുമ്പ് ERNET മാത്രമാണ് ഉണ്ടായിരുന്നത് എന്നും ടെലികമ്മ്യൂണിക്കേഷന്‍ വിദഗ്ധനും ഇന്ത്യന്‍ ഡാറ്റ സര്‍വീസിന്റെ പിതാവ് എന്ന് അറിയപ്പെടുന്നയാളായ സിംഗാള്‍ ദ പ്രിന്റിനോട് പറഞ്ഞു.

അന്ന് ഉണ്ടായിരുന്ന ERNET രാജ്യത്തെ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമാണ് കിട്ടിയിരുന്നത്. മോദി 1980കളില്‍ ഇന്‍ര്‍നെറ്റ് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള യാതൊരു സാധ്യതയുമില്ല. 1986ല്‍ താന്‍ ലണ്ടനിലുണ്ടായിരുന്ന സമയത്ത് അവിടെപ്പോലും വലിയ വിലയായിരുന്നു ഡാറ്റയ്ക്ക്. അത് സാധാരണക്കാരന് ഒരിക്കലും ലഭ്യമായിരുന്നില്ല. 

1991ലാണ് ബികെ സിംഗാള്‍ വിഎസ്എന്‍എല്ലിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റത്. 1993ല്‍ രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വിഎസ്എന്‍എല്ലില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. 1995ല്‍ രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ വിഎസ്എന്‍എല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചു – മുംബയ്, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍. ഇന്‍റര്‍നെറ്റ് ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തത് 1995 ഓഗസ്റ്റ് 15നാണെന്നും ബികെ സിംഗാള്‍ പറയുന്നു.