കഴിഞ്ഞയാഴ്ച വണ്‍പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പെ തന്റെ പുതിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ നത്തിംഗ് പ്രഖ്യാപിച്ചു. എന്നാല്‍ അന്നൊന്നും ഇത് എന്ത് കമ്പനിയാണെന്നോ, എന്താണ് ഇവരുടെ ഉത്പന്നങ്ങളെന്നോ വ്യക്തമാക്കിയിരുന്നില്ല. ടെക്ക് ലോകത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നതിങ് എന്നു മാത്രമുള്ള പേരാണ് കാള്‍പെ അന്ന് പുറത്തു വിട്ടത്. ഇപ്പോഴിതാ, തങ്ങളുടെ ഉത്പന്നത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു പറയാന്‍ കമ്പനി തയ്യാറായിരിക്കുന്നു.

ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. പുറത്തു വന്നിരിക്കുന്ന ടീസറില്‍ കമ്പനിയുടെ നാഴികക്കല്ലുകളെക്കുറിച്ച് വ്യക്തമാക്കുന്നു. കമ്പനി ഇന്നുവരെ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നു പറയുന്നുണ്ടെങ്കിലും ഒരു ഉത്പന്നത്തിന്റെയും അടുത്ത പ്രഖ്യാപനത്തെക്കുറിച്ച് ടീസര്‍ വെളിപ്പെടുത്തിയില്ല. ലണ്ടന്‍ ആസ്ഥാനമായുള്ള പുതിയ സംരംഭമായ നത്തിംഗ് ഒരു ഉപഭോക്തൃ സാങ്കേതിക കമ്പനിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്, ഇത് ആരംഭിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തിയതുപോലെ ഐപോഡ് കണ്ടുപിടുത്തക്കാരനായ ടോണി ഫാദെല്‍, ട്വിച് കോ സ്ഥാപകന്‍ കെവിന്‍ ലിന്‍, റെഡ്ഡിറ്റ് സിഇഒ സ്റ്റീവ് ഹഫ്മാന്‍, സിആര്‍ഇഡി-യുടെ സ്ഥാപകന്‍ കുനാല്‍ ഷാ തുടങ്ങിയവര്‍ കമ്പനിയുടെ പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

തന്റെ പുതിയ സംരംഭത്തിന്റെ ആരംഭത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍, കാള്‍ പെയ് പറഞ്ഞതിങ്ങനെ, 'സാങ്കേതികവിദ്യയില്‍ രസകരമായ എന്തെങ്കിലും സംഭവിച്ചിട്ട് കുറച്ച് കാലമായി. മാറ്റത്തിന്റെ പുതിയ കാറ്റിന്റെ സമയമാണിത് ... തടസ്സമില്ലാത്ത ഡിജിറ്റല്‍ ഭാവി സൃഷ്ടിക്കുന്നതിന് ആളുകളും സാങ്കേതികവിദ്യയും തമ്മിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുകയെന്നതാണ് ലക്ഷ്യം. മികച്ച സാങ്കേതികവിദ്യ മനോഹരവും എന്നാല്‍ സ്വാഭാവികവും ഉപയോഗിക്കാന്‍ കഴിയുന്നതുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. വേണ്ടത്ര മുന്നേറുമ്പോള്‍, അത് ഒന്നുമല്ലെന്ന് തോന്നുകയും വേണം. '

ഇപ്പോള്‍, ഏത് തരത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് അതിന്റെ ബ്രാന്‍ഡ് നാമത്തില്‍ ആരംഭിക്കുകയെന്ന് വ്യക്തമല്ല, എന്നിരുന്നാലും, ഈ പുതിയ സംരംഭം ഓഡിയോ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാള്‍ പെയ് വെളിപ്പെടുത്തിയിരുന്നു. ഹെഡ്‌ഫോണുകള്‍ക്കു പുറമേ പുതിയ സംരംഭം സംഗീതത്തിനായി ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്നും പേയുടെ സൂചനയായി അക്കാലത്ത് കണക്കാക്കപ്പെട്ടിരുന്നു.