എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണങ്ങളെ നേരിടാൻ ഓപ്പൺഎഐയും സിസ്കോയും ചേർന്ന് 'ഷിരുഡോ' എന്ന പുതിയ ലിനക്സ് സുരക്ഷാ സംവിധാനം അവതരിപ്പിച്ചു. സുരക്ഷാ അപ്ഡേറ്റുകൾ ലഭ്യമാകുന്നതുവരെ സിസ്റ്റങ്ങളെ ഹാക്കർമാരിൽ നിന്ന് സംരക്ഷിക്കാൻ ഈ പദ്ധതി സഹായിക്കും.
എഐ ഉപയോഗിച്ചുള്ള സൈബർ ആക്രമണ ഭീഷണികൾ വർധിക്കുന്നതിനിടെ ലിനക്സ് സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സാങ്കേതികവിദ്യയുമായി ഓപ്പൺഎഐയും സിസ്കോയും. 'ഷിരുഡോ' എന്ന് പേരിട്ടിരിക്കുന്ന ഓപ്പൺ സോഴ്സ് പദ്ധതി, സുരക്ഷാ തകരാറുകൾ കണ്ടെത്തിയാൽ അവ പരിഹരിക്കുന്നതിനുള്ള അപ്ഡേറ്റുകൾ ലഭ്യമാകുന്നതുവരെ സംവിധാനങ്ങളെ ഹാക്കർമാരിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് ഭാഷയിൽ 'കവചം' എന്നാണ് ഷിരുഡോ എന്ന വാക്കിന്റെ അർഥം. ലിനക്സ് സംവിധാനങ്ങൾ പുനരാരംഭിക്കുകയോ പ്രവർത്തനം തടസപ്പെടുത്തുകയോ ചെയ്യാതെ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഈ സംവിധാനത്തിന് കഴിയും. സെർവറുകളിലും വലിയ സ്ഥാപനങ്ങളുടെ ഡാറ്റാബേസുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ലിനക്സ്.
സുരക്ഷാ തകരാറുകൾക്ക് താൽക്കാലിക കവചം
പുതിയ സുരക്ഷാ തകരാറുകൾ കണ്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ ഹാക്കർമാർക്ക് അവ മുതലെടുക്കാൻ സാധിച്ചേക്കാം. എന്നാൽ സുരക്ഷാ അപ്ഡേറ്റുകൾ നടപ്പാക്കുന്നതിന് മുമ്പ് അവ പരിശോധിക്കേണ്ടതുണ്ട്. ഇതിനായി ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരാം. ഈ കാലയളവിൽ സംവിധാനങ്ങൾ സൈബർ ആക്രമണഭീഷണിക്ക് മുന്നിൽ തുറന്നുകിടക്കും. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഷിരുഡോ അവതരിപ്പിക്കുന്നത്. ലിനക്സിലെ 'എക്സ്റ്റൻഡഡ് ബെർക്ക്ലി പാക്കറ്റ് ഫിൽറ്റർ' അഥവാ ഇബിപിഎഫ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് സുരക്ഷാ തകരാറുകൾ കണ്ടെത്താനും അവ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങൾ തടയാനും ഇതിന് കഴിയും.
എങ്ങനെയാണ് ഷിരുഡോ പ്രവർത്തിക്കുന്നത്?
സുരക്ഷാ തകരാർ കണ്ടെത്തിയാൽ 'ഷീൽഡുകൾ' എന്നറിയപ്പെടുന്ന പ്രത്യേക സുരക്ഷാ നിയന്ത്രണങ്ങൾ സംവിധാനം സൃഷ്ടിക്കും. ഇവ നടപ്പാക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനുകളെ എങ്ങനെ ബാധിക്കുമെന്ന് സുരക്ഷാ സംഘങ്ങൾക്ക് പരിശോധിക്കാം. തുടർന്ന് അധികൃതരുടെ അനുമതിയോടെ മാത്രമേ സംരക്ഷണ സംവിധാനം പ്രവർത്തനക്ഷമമാക്കൂ. ഓരോ സുരക്ഷാ നിയന്ത്രണവും ക്രിപ്റ്റോഗ്രാഫിക് രീതിയിൽ പരിശോധിക്കുകയും അംഗീകരിക്കുകയും ചെയ്യും. അനധികൃത മാറ്റങ്ങൾ തടയുന്നതിനുള്ള സംവിധാനങ്ങളും ഇതിലുണ്ട്.
പരീക്ഷണത്തിൽ വിജയമെന്ന് ഓപ്പൺഎഐ
കോഡെക്സ് ഉപയോഗിച്ച് നിർമിച്ച സുരക്ഷാ കവചം പ്രവർത്തനത്തിലുള്ള എലാസ്റ്റിക്സെർച്ച് സംവിധാനത്തിനെതിരായ ജാവാ ഫോർ ഷെൽ ആക്രമണശ്രമം തടഞ്ഞതായി ഓപ്പൺഎഐ അറിയിച്ചു. ജാവാ ഫോർ ഷെൽ, പി.എച്ച്.പി സുരക്ഷാ തകരാർ എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ ആക്രമണശ്രമങ്ങൾ കണ്ടെത്താനും തടയാനും സാധിച്ചതായി സിസ്കോയും വ്യക്തമാക്കി.
ഓപ്പൺ സോഴ്സായി ലഭ്യമാകും
എഐ ഉപകരണങ്ങൾ സോഫ്റ്റ്വെയറുകളിലെ സുരക്ഷാ തകരാറുകൾ അതിവേഗം കണ്ടെത്തുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ സുരക്ഷാ അപ്ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാനുള്ള സമ്മർദവും വർധിക്കുന്നുണ്ട്. ബി.എസ്.ഡി 2-ക്ലോസ് ലൈസൻസിലാണ് ഷിരുഡോ പുറത്തിറക്കിയിരിക്കുന്നത്. ഡെവലപ്പർമാർക്കും സുരക്ഷാ ഗവേഷകർക്കും ഇൻഫ്രാസ്ട്രക്ചർ വിദഗ്ധർക്കും ഗിറ്റ്ഹബിലൂടെ ഇതിന്റെ കോഡ് ലഭ്യമാകും. സുരക്ഷാ സംവിധാനങ്ങൾ പരീക്ഷിക്കാനും പുതിയ സുരക്ഷാ കവചങ്ങൾ വികസിപ്പിക്കാനും പദ്ധതിയുടെ മെച്ചപ്പെടുത്തലുകളിൽ പങ്കാളികളാകാനും ഇവർക്ക് അവസരമുണ്ട്.
















