Asianet News MalayalamAsianet News Malayalam

ഓപ്പറേഷന്‍ പി ഹണ്ട്; ഇത്തരക്കാര്‍ എല്ലാം പൊലീസ് പിടിയിലായേക്കാം

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയിൽ ഡോക്ടർ അടക്കമുള്ളവർ അറസ്റ്റിലായി. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്.

Operation P HUNT Kerala Police is countering countering child sexual exploitation
Author
Thiruvananthapuram, First Published Dec 29, 2020, 10:49 AM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളും മറ്റും പ്രചരിപ്പിക്കുന്ന സൈബര്‍ കണ്ണികള്‍ക്ക് വിരിച്ച വലയാണ് പി-ഹണ്ട്. ഇതിന്‍റെ വിവിധ ഘട്ടത്തിലായി നൂറുകണക്കിന് പേരാണ് വലയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍റര്‍പോളിന്‍റെ സഹായത്തോടെ നടത്തിയ ഘട്ടത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ പിടിയിലായത്  41 പേരാണ്. കേരളത്തിലെമ്പാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. ഇവയിലെല്ലാമായി 339 കേസുകൾ റജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നുണ്ട്. 

കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയിൽ ഡോക്ടർ അടക്കമുള്ളവർ അറസ്റ്റിലായി. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്.

പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഓപ്പറേഷന്‍ പി-ഹണ്ട് പുതിയ ഘട്ടത്തിലാണ്. അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുന്നവര്‍ക്കോ ഇനി അതിവേഗം കുരുക്ക് മുറുകും. പൊലീസ് ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്‍റെ ഒരോഘട്ടവും പുരോഗമിക്കുന്നത്. 

ഓപ്പറേഷന്‌ പി ഹണ്ടിൽ കൂടുതൽ പേർ വരും ദിവസങ്ങളിൽ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയകളിലൂടെ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തിൽ സംസ്ഥാനത്ത് നിരവധി പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്. . നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. 

കഴിഞ്ഞ തവണ ‘സ്വർഗത്തിലെ മാലാഖമാർ’ പോലുള്ള ഗ്രൂപ്പുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തിയിരുന്നു. ഇതിന് സമാനമായ ഗ്രൂപ്പുകള്‍ വീണ്ടും ഉയര്‍ന്നുവന്നു എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അവയെ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനാലാണ് പി ഹണ്ട് ഒരോഘട്ടത്തിലേക്കും നീങ്ങുന്നത്. പുതിയ ഘട്ടത്തില്‍ കണ്ണൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് നടന്നത് 6 പേരാണ് കണ്ണൂരില്‍ നിന്നും അറസ്റ്റിലായത്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും 4 പേരെ വീതം അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ റെയിഡും, കേസുകളും റജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്നാണ് ഏറ്റവും കൂടുതല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തത് 49 എണ്ണം. രണ്ടാമത് മലപ്പുറമാണ് 48. സിആര്‍പിസി 102, പോക്സോ അടക്കം 67 ബി ഐടി ആക്ട് എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

അതേ സമയം ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സമൂഹകമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയും ആണ് കുട്ടികളുടെ ചിത്രങങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത്. എന്നാല്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസിലാക്കാന്‍ കേരളാ പൊലീസിനുള്ള സാങ്കേതിക സംവിധാനം ഇത്തരക്കാര്‍ പിടിവീഴാന്‍ ഇപ്പോള്‍ സഹായമാകുന്നു. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും പൊലീസ് വരും ദിവസങ്ങളില്‍ ശക്തമാക്കും.

ഇനിയും പി-ഹണ്ട് തുടരും എന്ന സൂചനയാണ് കേരള പൊലീസ് നല്‍കുന്നത്. നിലവിലെ നിയമപ്രകാരം കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പുറമേ ബാലവകാശ നിയമങ്ങളും ചേര്‍ത്ത് പിടിയിലായവര്‍ക്കെതിരെ നിയമനടപടികളും ശക്തമാക്കുവനാണ് പൊലീസിന്‍റെ ശ്രമം.

Follow Us:
Download App:
  • android
  • ios