ന്യൂയോര്‍ക്ക്:  പ്രമുഖ റിയല്‍ ബാറ്റില്‍ ഗെയിമായ കോള്‍ ഓഫ് ഡ്യൂട്ടിയുടെ നിര്‍മ്മാതാക്കള്‍ ആക്ട്വിഷനില്‍ നിന്നും വന്‍ വിവര ചോര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ഏതാണ്ട് 5 ലക്ഷത്തോളം ഉപയോക്താക്കളുടെ പാസ് വേര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ഡെക്സിറീറ്റോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഓ റെമ്മി എന്ന ട്വിറ്റര്‍ ഹാന്‍റിലാണ് ഈ വിവര ചോര്‍ച്ച സംബന്ധിച്ച് ആദ്യം വ്യക്തമാക്കിയത് എന്നാണ് ടെക് റഡാറിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് ശേഷം കോള്‍ ഓഫ് ഡ്യൂട്ടിയിലെ പ്രമുഖ കണ്ടന്‍റ് ക്രിയേറ്റേര്‍സായ പ്രോട്ടോടൈപ്പ് വെയര്‍ഹൌസ്, ഒക്കാമി, ദ ഗെയിമിംഗ് റെവല്യൂഷന്‍ എന്നിവരെല്ലാം ഈ വിവര ചോര്‍ച്ച സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍റര്‍നെറ്റില്‍ പൊതുവായി ചോര്‍ന്ന വിവരങ്ങള്‍ ലഭിക്കുന്നുവെന്നും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് പല ഗെയിമര്‍ മാരുടെയും അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും വിവരമുണ്ട്. ഉടന്‍ തന്നെ കോള്‍ ഓഫ് ഡ്യൂട്ടി കളിക്കാര്‍ തങ്ങളുടെ പാസ്വേര്‍ഡ് മാറ്റാനാണ് ഒക്കാമി ട്വീറ്റിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.

ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഒരോ പത്ത് മിനുട്ടിലും 1,000 അക്കൌണ്ടുകള്‍ വരെ ഹാക്കര്‍മാര്‍ കൈവശപ്പെടുത്തുന്നു എന്ന വിവരമാണ് ദ ഗെയിമിംഗ് റെവല്യൂഷന്‍  പങ്കുവയ്ക്കുന്നത്. ആക്ടിവിഷന്‍ അക്കൌണ്ട് ഉപയോഗപ്പെടുത്തിയാണ് വിവിധ ഗെയിം കളിക്കാര്‍ കോള്‍ ഓഫ് ഡ്യൂട്ടിയുടെ കോള്‍ ഓഫ് ഡ്യൂട്ടി വാര്‍സോണ്‍, കോള്‍ ഓഫ് ഡ്യൂട്ടി മോഡേണ്‍ വാര്‍ഫെയര്‍, കോള്‍ ഓഫ് ഡ്യൂട്ടി മോബൈല്‍ എന്നിവയില്‍ എല്ലാം കയറുന്നത്. ഇവരുടെ തന്നെ മറ്റ് ഗെയിമുകള്‍ കളിക്കാനും ഈ അക്കൌണ്ട് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും ജനപ്രിയം സിഒഡി തന്നെയാണ്.

അതേ സമയം ഇന്ത്യയില്‍ പബ്ജി നിരോധനത്തിന് ശേഷം ഈ ഗെയിം വളരെ ജനപ്രിയമായി മാറുന്നതിനിടെയാണ് പുതിയ സംഭവം. അതേ സമയം തങ്ങളുടെ അക്കൌണ്ടില്‍ പ്രശ്നം നേരിട്ടു എന്ന് സംശയിക്കുന്നവര്‍ക്കായി പുതിയ നിര്‍ദേശങ്ങള്‍ ആക്ടിവിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.