Asianet News MalayalamAsianet News Malayalam

ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു

സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 10 ദിവസം മുന്‍പ് പാകിസ്ഥാനില്‍ ടിക് ടോക്കിന് നിരോധനം വന്നത്. 

Pakistan to unblock social media app TikTok after it vows to moderate content
Author
Islamabad, First Published Oct 20, 2020, 11:10 AM IST

ഇസ്ലാമാബാദ്:  ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്ഥാന്‍ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാകിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍  കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാം എന്ന് ടിക്ടോക്ക് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പാകിസ്ഥാനിലെ ചൈനീസ് ആപ്പിന് നേരിട്ട നിരോധനം നീങ്ങിയത്.

സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് 10 ദിവസം മുന്‍പ് പാകിസ്ഥാനില്‍ ടിക് ടോക്കിന് നിരോധനം വന്നത്. എന്നാല്‍ ഇതിനെതിരെ പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററിക്ക് ടിക് ടോക്ക് അപ്പീല്‍ നല്‍കി. ഇത് അംഗീകരിച്ചാണ് പുതിയ നടപടി.

പാകിസ്ഥാനിലെ പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് ടിക് ടോക് ഉറപ്പ് നല്‍കിയിട്ടുണ്ട്, പാകിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററി വക്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. പാകിസ്ഥാനില്‍ ഒരു മാസം 20 ദശലക്ഷം ആക്ടീവ് യൂസേര്‍മാര്‍ ടിക് ടോക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്.  കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട മൂന്നാമത്തെ ആപ്പാണ് ടിക് ടോക്. വാട്ട്സ്ആപ്പും, ഫേസ്ബുക്കും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

വളരെ വേഗത്തില്‍ ലോകത്തിലെങ്ങും തരംഗമായ ചൈനീസ് ടെക് കമ്പനി ബൈറ്റ് ഡാന്‍സിന്‍റെ ടിക് ടോക് ഇന്ന് ലോക രാജ്യങ്ങളില്‍ എല്ലാം വിവാദ ആപ്പാണ്. ഈ ആപ്പിന്‍റെ ചൈനീസ് ബന്ധം ഉയര്‍ത്തുന്ന സുരക്ഷ ആശങ്കയാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ജൂണ്‍ അവസാനം ഇന്ത്യ ടിക് ടോക് നിരോധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios