Asianet News MalayalamAsianet News Malayalam

ബൈഡന്‍ ഇടപെട്ടില്ലെങ്കില്‍ ആപ്പിളിന് പണിയാകും; പ്രമുഖ മോഡലുകള്‍ പിന്‍വലിക്കേണ്ടി വരും

ബൈഡന്‍ ഭരണകൂടമോ മറ്റെതെങ്കിലും കക്ഷികളെ ആപ്പിളിനായി രംഗത്ത് വന്നില്ലെങ്കില്‍ വാച്ചുകളുടെ വില്‍പനയ്ക്കുള്ള വിലക്ക് 25 മുതല്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

patent dispute with masimo apple stops selling latest watchs joy
Author
First Published Dec 21, 2023, 1:19 PM IST

ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനം. എസ്പിഒ2 സെന്‍സറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്. ആപ്പിള്‍ വാച്ച് മോഡലുകളുടെ വില്‍പ്പന നിര്‍ത്തി വയ്ക്കാനുള്ള മാസിമോ കോര്‍പ്പിന്റെ ആവശ്യം നേരത്തെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷന്‍ അംഗീകരിച്ചിരുന്നു. ഈ മാസം 24 വരെ നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഈ മോഡലുകള്‍ ലഭിക്കും. 

ബൈഡന്‍ ഭരണകൂടമോ മറ്റെതെങ്കിലും കക്ഷികളെ ആപ്പിളിനായി രംഗത്ത് വന്നില്ലെങ്കില്‍ വാച്ചുകളുടെ വില്‍പനയ്ക്കുള്ള വിലക്ക് 25 മുതല്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ജോ ബൈഡന് വിലക്ക് വീറ്റോ ചെയ്യാനാകും. ആപ്പിളിന് സഹായകമാകുന്ന ഇത്തരം തീരുമാനങ്ങള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. ഐഫോണ്‍ 4, ഐപാഡ് മോഡലുകള്‍ക്ക് മേലുള്ള ഐടിസി വിലക്ക് 2013ല്‍ മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വീറ്റോ ചെയ്തിരുന്നു. ഈ മാസം 25 വരെ മാത്രമേ പ്രസിഡന്റിന് വിലക്ക് പരിശോധിക്കാനാകൂ. വിലക്ക് നിലവില്‍ വന്നതിന് ശേഷം പരിശോധന കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് സൂചന.

ഫ്ളാഗ്ഷിപ്പ് മോഡലായ സീരീസ് 9, അള്‍ട്ര 2 മോഡലുകളെയാണ് പ്രധാനമായും വിലക്ക് ബാധിക്കുക. ആപ്പിള്‍ വാച്ച് എസ്ഇയില്‍ എസ്പിഒ2 സെന്‍സര്‍ ഇല്ലാത്തതിനാല്‍ അതിനെയോ എസ്പിഒ2 സെന്‍സറുള്ള മുന്‍ ആപ്പിള്‍ വാച്ച് മോഡലുകളെയോ വിലക്ക് ബാധിക്കില്ല. യുഎസില്‍ മാത്രമായിരിക്കും വിലക്കുണ്ടാകുക. മറ്റ് വിപണികളില്‍ തുടര്‍ന്നും വില്‍പനയുണ്ടാകും.

വര്‍ഷങ്ങളായി എസ്പിഒ2 സെന്‍സറും ആപ്പിളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പള്‍സ് ഓക്സിമീറ്ററുകളിലൂടെ ശ്രദ്ധേയരായ മാസിമോ ഐടിസിയിലും സെന്‍ട്രല്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോര്‍ണിയയിലെ യുഎസ് ജില്ലാ കോടതിയിലുമായാണ് കേസുകള്‍ നടക്കുന്നത്. ആപ്പിളിനെതിരെയുള്ള രണ്ട് കേസുകളാണ് ഇവിടെയുള്ളത്. പള്‍സ് ഓക്സിമീറ്ററില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയിലുള്ള പേറ്റന്റ് അവകാശം ആപ്പിള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി പരാതി നല്‍കിയത്. 

അയ്യപ്പ ഭക്തരുടെ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം 
 

Follow Us:
Download App:
  • android
  • ios