ഹോളിവുഡ്: പ്രിയങ്ക ചോപ്രയടക്കം പ്രമുഖ താരങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്.  ന്യൂയോർക്ക് ആസ്ഥാനമായുള്ള നിയമസ്ഥാപനത്തില്‍ ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണത്തിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.  മൊത്തം 756 ജിബി ഡേറ്റയാണ് ചോർത്തിയത്. സെലിബ്രിറ്റികളുമായുളള കരാറുകൾ, ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, വ്യക്തിഗത കത്തിടപാടുകൾ എന്നിവ ഉൾപ്പെടുന്നു. പ്രിയങ്കയ്ക്ക് പുറമേ ലേഡി ഗാഗ, മഡോണ, നിക്കി മിനാജ്, ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ തുടങ്ങിയ സെലിബ്രിറ്റികളുടെ  വിവരങ്ങള്‍ ചോര്‍ന്നിരിക്കാം എന്നാണ് അറിയുന്നത്.

നിയമ സ്ഥാപനമായ ഗ്രുബ്മാൻ ഷെയർ മീസെലാസ് ആൻഡ് സാക്സിയാണ് പ്രിയങ്ക അടക്കം ഹോളിവുഡിലെ പ്രമുഖരുടെ നിയമസംബന്ധിയായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.  ഹാക്കർമാർമാർ നടത്തിയത് റാൻസെംവെയർ ആക്രമണമാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ നിയമ സ്ഥാപനത്തിന്റെ പ്രതിനിധികൾ പ്രതികരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് gsmlaw.com ഹാക്കിങ്ങിനു ശേഷം  താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സെലിബ്രിറ്റികള്‍ക്ക് പുറമേ അന്താരാഷ്ട്ര കമ്പനികളും ഈ സ്ഥാപനത്തിന്‍റെ ഉപയോക്താക്കളാണ് എന്നതാണ് ഹാക്കിംഗിന്‍റെ പ്രധാനം വര്‍ദ്ധിപ്പിക്കുന്നത്. ഡിസ്കവറി, ഇ‌എം‌ഐ മ്യൂസിക് ഗ്രൂപ്പ്, ഫെയ്സ്ബുക്, എച്ച്ബി‌ഒ, ഐമാക്സ്, എം‌ടി‌വി, എൻ‌ബി‌എ എന്റർ‌ടൈൻ‌മെന്റ്, പ്ലേബോയ് എന്റർ‌പ്രൈസസ്, സാംസങ് ഇലക്ട്രോണിക്സ്, സോണി കോർപ്പറേഷൻ സ്പോട്ടിഫൈ, ട്രിബിക്ക ഫിലിം ഫെസ്റ്റിവൽ, യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ്, വൈസ് മീഡിയ ഗ്രൂപ്പ് തുടങ്ങിയ വിനോദ രംഗത്തും, ടെക്നോളജി രംഗത്തും വമ്പന്മാരായ കമ്പനികള്‍ ജിഎസ്എം ലോക ഉപയോക്താക്കളാണ്. 

ചോര്‍ന്ന വിവരങ്ങള്‍ ഇതുവരെ ഡാര്‍ക്ക് വെബ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വില്‍പ്പനയ്ക്ക് വന്നിട്ടില്ലെന്നാണ് ചില എത്തിക്കല്‍ ഹാക്കിംഗ് ഗ്രൂപ്പുകള്‍ നല്‍കുന്ന സൂചന.