ഈ മാധ്യമത്തിലൂടെ ആശയവിനിമയം പുലർത്താൻ  കാത്തിരിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു

ദില്ലി: പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാട്‌സ്ആപ്പ് ചാനൽ ഇന്ന് ആരംഭിച്ചു. ഒപ്പം ചാനൽ ഫോളോ ചെയ്യാനുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു. ഒരു ട്വിറ്റർ ( എക്സ്) പോസ്റ്റിൽ, പ്രധാനമന്ത്രി അറിയിച്ചു. 'ഇന്ന് എന്റെ വാട്ട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ മാധ്യമത്തിലൂടെ ആശയവിനിമയം പുലർത്താൻകാത്തിരിക്കുന്നു! https://www.whatsapp.com/channel/0029Va8IaebCMY0C8oOkQT1F എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയെന്നും അദ്ദേഹം ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. 

എന്താണ് വാട്ട്സ്ആപ്പ് ചാനല്‍: എങ്ങനെ തുടങ്ങാം

മെറ്റാ മേധാവി മാർക്ക് സക്കർബർഗ് ബുധനാഴ്ച ഇന്ത്യയിലടര്രം 150 ലധികം രാജ്യങ്ങളില്‍ ഒന്നിച്ച് വാട്ട്സ്ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ആരംഭിച്ചു. വാട്ട്‌സ്ആപ്പ് ചാനല്‍ എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്. ഫേസ്ബുക്ക് പോസ്റ്റിൽ സക്കർബർഗ് പുതിയ ഫീച്ചറിനെക്കുറിച്ച് വ്യക്തമാക്കി. 'ഞങ്ങൾ ആഗോളതലത്തിൽ വാട്ട്‌സ്ആപ്പ് ചാനലുകൾ അവതരിപ്പിക്കുകയാണ്, ആളുകൾക്ക് വാട്ട്‌സ്ആപ്പിൽ പിന്തുടരാൻ കഴിയുന്ന ആയിരക്കണക്കിന് പുതിയ ചാനലുകൾ ഇന്ന് ആരംഭിക്കുന്നു. പുതിയ 'അപ്‌ഡേറ്റ്സ്' ടാബിൽ നിങ്ങൾക്ക് ചാനലുകൾ കാണാനാകും'.

വാട്ട്‌സ്ആപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, കൂടാതെ വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍, സ്പോര്‍ട്സ് താരങ്ങള്‍, സിനിമതാരങ്ങള്‍ എന്നിവരുടെ അപ്‌ഡേറ്റുകൾ ചാനലുകള്‍ വഴി അറിയാന്‍ സാധിക്കും. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇതിനകം ചാനല്‍ ആരംഭിച്ചിട്ടുണ്ട്.

എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനല്‍ ഉണ്ടാക്കാം

ഫോണിലെ വാട്ട്സ്ആപ്പ് ആപ്പ് തുറക്കുക
- അതിലെ അപ്ഡേറ്റ് ടാബ് തുറക്കുക
- അതില്‍ കാണുന്ന + എന്ന ചിഹ്നം ക്ലിക്ക് ചെയ്ത് 'New Channel' എടുക്കുക
- 'Get Started' എന്ന് ക്ലിക്ക് ചെയ്താല്‍ സ്ക്രീനിൽ ചില നിർദ്ദേശങ്ങൾ നൽകും
-അവസാനമായി, നിങ്ങളുടെ ചാനലിന് ഒരു പേര് നൽകുക
- 'Create Channel' എന്നതിൽ ക്ലിക്ക് ചെയ്യുക, ചാനല്‍ പ്രവർത്തനക്ഷമമാകും
- ചാനൽ സംബന്ധിച്ച് ഒരു വിവരണവും ചിത്രവും ചേർക്കാനും കഴിയും

ആഗോള വ്യാപകമായി അവതരിപ്പിക്കപ്പെട്ടെങ്കിലും എല്ലാവര്‍ക്കും ഇതുവരെ വാട്ട്സ്ആപ്പ് ചാനല്‍ ലഭിക്കാന്‍ തുടങ്ങിയില്ലെന്നാണ് വിവരം. അതിന്‍റെ ആശങ്ക പ്രകടിപ്പിക്കുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അടക്കം വന്നിരുന്നു. എന്നാല്‍ അടുത്ത അപ്ഡേറ്റില്‍ എല്ലാവര്‍ക്കും ചാനല്‍ എത്തുമെന്നാണ് വിവരം.