ന്ത്യയില്‍ പബ്ജി മൊബൈല്‍ ഗെയിം തിരിച്ചുവരുന്നു എന്ന വാര്‍ത്ത അതിന്‍റെ നിര്‍മ്മാതാക്കളായ പബ്ജി കോര്‍പ്പും, ക്രാഫ്റ്റ്ടോണും സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതിന്‍റെ ടീസര്‍ വീഡിയോയും ഇറങ്ങിയിരിക്കുന്നു. പബ്ജി മൊബൈല്‍ ഇന്ത്യ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. എന്നാല്‍ വീഡിയോയില്‍ ഗെയിമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ കാണിക്കാതെ ഒരു കോമിക്ക് രീതിയിലാണ് പബ്ജിയുടെ തിരിച്ചുവരവ് കാണിക്കുന്നത്.

നിങ്ങളുടെ എക്സൈറ്റ്മെന്‍റ് പോയോ, ത്രില്ല് പോയോ, പാന്‍ പോയോ അവസാനം നിങ്ങളുടെ ചിക്കന്‍ ഡിന്നര്‍ മിസ് ചെയ്യുന്നുണ്ടോ എന്നാണ് മൂന്ന് യുവാക്കളെ വച്ച് ടീസറില്‍ ചോദിക്കുന്നത്.

രണ്ട് ദിവസം മുന്‍പാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുന്നു എന്ന കാര്യം വാര്‍ത്തയായത്. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻ വിവരം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.

ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാണ് ഈ ഗെയിം റിലീസാവുക എന്നതിനെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.

അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റുമായി പബ്ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയിലെത്തിയതിനു പിന്നാലെ ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ ധാരണ പ്രകാരം യുഎസ് ഭീമന്മാരായ മൈക്രോസോഫ്റ്റാവും പബ്ജിയിലെ യൂസർ വിവരങ്ങൾ സൂക്ഷിക്കുക. ഇതോടെ ചൈന യൂസർ ഡേറ്റ ചോർത്തുന്നു എന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ ആശങ്ക ഒഴിവാക്കാൻ കഴിയുമെന്ന് പബ്ജി കണക്കുകൂട്ടുന്നു.