ഫാക്ടറിക്ക് 200 മീറ്റര്‍ അകലെ മാത്രം വീടുള്ള കിരണ്‍ എന്ന യുവാവ് പുലര്‍ച്ചെ 3 മണിക്കും ഉണര്‍ന്നിരുന്ന് പബ്ജി കളിക്കുകയായിരുന്നു. അപ്പോഴാണ് കിരണിന് രാസ വാതകത്തിന്‍റെ മണം അടിച്ചത്. 

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഫാക്ടറിയിലെ വിഷവാതക ചോര്‍ച്ചയില്‍ നൂറുകണക്കിന് പേരെ രക്ഷിച്ചത് മൊബൈല്‍ ഗെയിം ആയ 'പബ്ജി'. വാതക ചോര്‍ച്ച സംബന്ധിച്ച് ജനങ്ങള്‍ക്ക് സൂചന നല്‍കുന്ന സൈറണ്‍ ഫാക്ടറിയില്‍ നിന്നും മുഴങ്ങിയില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ സംഭവം പുറത്തുവരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച സംഭവിച്ചത്. അതിനാല്‍ തന്നെ ഫാക്ടറിക്ക് സമീപമുള്ള ഗ്രാമത്തിലുള്ളവര്‍ നല്ല ഉറക്കത്തിലായിരുന്നു. ഉറക്കത്തിലായിരുന്നവരാണ് മരിച്ചവരില്‍ വലിയൊരു വിഭാഗം എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ പബ്ജി രക്ഷിച്ച കഥ ഇങ്ങനെയാണ്. ഫാക്ടറിക്ക് 200 മീറ്റര്‍ അകലെ മാത്രം വീടുള്ള കിരണ്‍ എന്ന യുവാവ് പുലര്‍ച്ചെ 3 മണിക്കും ഉണര്‍ന്നിരുന്ന് പബ്ജി കളിക്കുകയായിരുന്നു. അപ്പോഴാണ് കിരണിന് രാസ വാതകത്തിന്‍റെ മണം അടിച്ചത്. ഉടന്‍ തന്നെ തന്‍റെ കയ്യിലുള്ള പ്ലാന്‍റിലെ സുരക്ഷ ജീവനക്കാരനെ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസിലാക്കി. രാസവാതക ചോര്‍ച്ചയാണ് എന്നറിഞ്ഞതോടെ തന്‍റെ സുഹൃത്തുക്കളെ വിളിച്ച് കാര്യം അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഈ സുഹൃത്തുക്കള്‍ വീടുകളില്‍ കിടന്നുറങ്ങുകയായിരുന്ന നൂറുകണക്കിനുപേരെ വിളിച്ചുണര്‍ത്തി ഉയരം കൂടിയ പ്രദേശത്തേക്ക് നീങ്ങി.

അതേ സമയം ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ കിരണിന് ഇങ്ങനെ രക്ഷപ്പെടാന്‍ ആയില്ലെന്നാണ് കിരണ്‍ ആദ്യം വിവരം അറിയിച്ച പാതാല സുരേഷ് എന്ന വ്യക്തി ദ വീക്കിനോട് പ്രതികരിച്ചത്. കിരണിന് ഓടി എത്താന്‍ സാധിച്ചില്ല. ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ട കിരണ്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

അതേ സമയം വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കമ്പനി ഉടമകളായ എല്‍ജിക്കെതിരെ കേസ് റജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ വാതക ചോര്‍ച്ചയില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആണ്. 405 പേര്‍ വിവിധ ആശുപത്രികളില്‍ ആളുകള്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. 128 പേര്‍ ആശുപത്രി വിട്ടു.