അതേ സമയം ചോര്‍ച്ച വിവരം പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ഗൌരവമായ സമീപനം എടുക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചിട്ടും കമ്പനി കാര്യമാക്കിയില്ലെന്ന് ആരോപണമുണ്ട്.

മുംബൈ: മൊബൈല്‍ പേമെന്‍റ് ആപ്പ് മൊബിക്വിക്കില്‍ നിന്നും 110 ദശലക്ഷം പേരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്താന്‍ റിസര്‍വ് ബാങ്ക്. ഇന്ത്യയിലെ ബജാജ് ഫിനാന്‍സ്, സെക്യൂയോ ക്യാപിറ്റല്‍ എന്നിവരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് മൊബിക്വിക്ക്. മൊബിക്വിക്ക് ഡാറ്റ് ബേസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗൌരവമായ ആരോപണങ്ങള്‍ ഉയരുന്ന പാശ്ചത്തലത്തില്‍ കൂടിയാണ് ആര്‍ബിഐ അന്വേഷണം. 

അതേ സമയം ചോര്‍ച്ച വിവരം പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ ഗൌരവമായ സമീപനം എടുക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചിട്ടും കമ്പനി കാര്യമാക്കിയില്ലെന്ന് ആരോപണമുണ്ട്. ഇതില്‍ ആര്‍ബിഐ തീര്‍ത്തും അസ്വസ്തമാണ് എന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേ സമയം ഈ വിവര ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്ത സൈബര്‍ സുരക്ഷ സ്ഥാപനത്തിനെതിരെ നിയമനടപടിക്ക് മൊബിക്വിക്ക് ഒരുങ്ങിയെന്നും ആരോപണം ഉയരുന്നുണ്ട്. നിരവധി ഉപയോക്താക്കളാണ് തങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കം ചോര്‍ന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയത്. എന്നാല്‍ മൊബിക്വിക്ക് ഇതെല്ലാം നിഷേധിക്കുകയാണ്. 

ഫോറന്‍സിക്ക് ഓഡിറ്റിംഗ് നടത്താനും, പുറത്തുനിന്നുള്ള ഓഡിറ്ററെവച്ച് അന്വേഷണം നടത്താനും മൊബിക്വിക്കിന് ആര്‍ബിഐ അന്ത്യശാസനം നല്‍കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്തെങ്കിലും വലിയ തെറ്റ് കണ്ടെത്തുന്ന മുറയ്ക്ക് വലിയ പിഴ മൊബിക്വിക്കിന് നേരിടേണ്ടിവരും.