സന്‍ഫ്രാന്‍സിസ്കോ: അടുത്തിടെ സിലിക്കണ്‍ വാലിയില്‍ ഏറ്റവും വലിയ വാര്‍ത്തയായിരുന്നു ഗൂഗിള്‍ തങ്ങളുടെ 4 ജീവനക്കാരെ പുറത്താക്കിയത്. ഗൂഗിളിന്‍റെ വിവര സംരക്ഷണ നയങ്ങള്‍ ലംഘിച്ചതിനാണ് ഈ ജീവനക്കാരെ പുറത്താക്കിയത് എന്നാണ് പുറത്തുവന്ന വാര്‍ത്ത. ഇതിന് പിന്നാലെ ഇത് സംബന്ധിച്ച പല അഭ്യൂഹങ്ങളും വാര്‍ത്തയായി പരന്നിരുന്നു. അതില്‍ ഒന്ന് ഗൂഗിളിലെ ചില രഹസ്യ ഇടപാടുകള്‍ സൈബര്‍ ആക്ടിവിസ്റ്റുകള്‍ക്ക് ചോര്‍ത്തി നല്‍കിയതിനാണ് ഈ പുറത്താക്കല്‍ എന്നായിരുന്നു.

എന്നാല്‍ ബ്ലൂംബെര്‍ഗ് സൈറ്റ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഗൂഗിള്‍ ഈ ജീവനക്കാരെ എന്തിന് പുറത്താക്കി എന്ന അഭ്യൂഹങ്ങളെ എല്ലാം തള്ളുന്നു. ഇ-മെയില്‍ വഴി തങ്ങളുടെ ജീവനക്കരുമായി ഗൂഗിള്‍ ഈ വിഷയത്തില്‍ നടത്തിയ ആശയ വിനിമയമാണ് ഇപ്പോള്‍ വെളിപ്പെടുന്നത്. നാല് ജീവനക്കാരെ പിരിച്ചുവിടേണ്ട സ്ഥിതി വന്നത് വിവര സംരക്ഷണ നയത്തില്‍ വരുത്തിയ ലംഘനത്തിന്‍റെ പേരിലാണ് എന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.

ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം സംബന്ധിച്ച കമ്പനിക്ക് പുറത്തും അകത്തും വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നു എന്നതിനാലാണ് ഇ വിശദീകരണം എന്ന് വ്യക്തമാക്കുന്ന ഗൂഗിള്‍. പിരിച്ചുവിട്ട ജീവനക്കാര്‍ ഗൂഗിളിലെ മറ്റ് ജീവനക്കാരുടെ സ്വകാര്യവും ജോലി സംബന്ധവുമായ വിവരങ്ങള്‍ നിരന്തരം ചികയുകയും അവ കണ്ടെത്തി പലപ്പോഴും കമ്പനിക്ക് പുറത്തേക്ക് കടത്തിയതായും പറയുന്നു. 

സാധാരണരീതിയില്‍ ജോലിക്കിടയില്‍ മറ്റൊരു ജീവനക്കാരന്‍റെ സിസ്റ്റമോ, ജോലിയോ, രേഖകളോ പരിശോധിച്ചതല്ല ഇവരെ പിരിച്ചുവിടാനുള്ള കാരണം. മന:പൂര്‍വ്വം സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ അപഹരിച്ച് കടത്തുകയാണ് ചെയ്തത്. ജീവിനക്കാരുടെ വ്യക്തിഗത വിവരങ്ങളും ഇന്‍ഷൂറന്‍സ് രേഖകളും എല്ലാം ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പുറത്ത് അറിയിക്കുന്ന സ്ഥിതിയും വന്നു. പുറത്തുള്ള കമ്പനികള്‍ ജോലി വാഗ്ദാനം ചെയ്ത് ഗൂഗിളിലെ ചില  ജീവനക്കാരെ സമീപിക്കുകയും ഗൂഗിളില്‍ രഹസ്യമായി അവര്‍ ചെയ്ത ചില ജോലികളെക്കുറിച്ച് വ്യക്തമായി അവരോട് ആരായുകയും ചെയ്തതോടെയാണ് സംഭവം പുറത്ത് എത്തിയത്.

ഇതില്‍ തങ്ങളുടെ സ്വകാര്യത ചോരുന്നതായി സംശയം തോന്നിയ ജീവനക്കാര്‍ ഗൂഗിള്‍ മാനേജ്മെന്‍റിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ഇപ്പോഴത്തെ പിരിച്ചുവിടലിലേക്ക് നീങ്ങിയത് എന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.