ദില്ലി: റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം ഒരു ചൈനീസ് ഉപകരണം പോലും ഉപയോഗിക്കാതെയാണ് എന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ് ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപിനോട് മുകേഷ് അംബാനി ഈ കാര്യം വ്യക്തമാക്കിയത്. ജിയോ മാത്രമാണ് ഇത്തരത്തില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കാത്ത ഏക നെറ്റ്വര്‍ക്കെന്നും ട്രംപിനോട് അംബാനി അവകാശപ്പെട്ടു.

നിങ്ങള്‍ 4ജി നടപ്പിലാക്കിയല്ലെ, 5ജി നടപ്പിലാക്കാനുള്ള നടപടികള്‍ എങ്ങനെ പോകുന്നു? എന്നാണ് ട്രംപ് അംബാനിയോട് ചോദിച്ചത്. ഞങ്ങള്‍ 5ജി നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്, അതും ചൈനീസ് ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ ലോകത്ത് പ്രവര്‍ത്തിക്കുന്ന ഏക നെറ്റ്വര്‍ക്കായിരിക്കും ജിയോ - അംബാനി ഉത്തരം നല്‍കി. ഇന്ത്യന്‍ വ്യവസായ പ്രമുഖരുമായുള്ള ട്രംപിന്‍റെ സംഭാഷണങ്ങല്‍ വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളുടെ ഉപകരണങ്ങളെ 5ജി നെറ്റ്വര്‍ക്ക് നടപ്പിലാക്കുമ്പോള്‍ ഒഴിവാക്കുന്ന നയത്തിലേക്കാണ് ഇന്ത്യയും നീങ്ങുന്നത് എന്ന സൂചനയാണ് അംബാനിയുടെ വാക്കുകള്‍ എന്നാണ് ടെക് ലോകത്തിന്‍റെ നിരീക്ഷണം. ഇതിലൂടെ 5ജി സംബന്ധിച്ച് ചൈനയെ ഒഴിവാക്കുക എന്ന അമേരിക്കന്‍ നയത്തോടൊപ്പമാണ് ഇന്ത്യയും നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.