മുംബൈ: ജിയോയുടെ അറ്റാദയവും, വരുമാനവും വര്‍ദ്ധിച്ചതായി കണക്കുകള്‍. ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തില്‍ ജിയോയുടെ വരുമാനം മുന്‍പാദത്തില്‍ നിന്നും 28.2 ശതമാനം വര്‍ദ്ധിച്ച് 16,517 കോടിയായി. ഇതിനൊപ്പം കമ്പനിയുടെ അറ്റാദയം 63.1 ശതമാനം കൂടി 1,360 കോടിയായി. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ജിയോ തന്നെയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

അതേ സമയം ജിയോയ്ക്ക് ഒരു ഉപയോക്താവില്‍ നിന്നും ശരാശരി ഒരു മാസം കിട്ടുന്ന ലാഭം 128.40 രൂപയാണ്. ഡിസംബര്‍ അവസാനിക്കുമ്പോള്‍ രാജ്യത്തെ ജിയോ ഉപയോക്താക്കളുടെ എണ്ണം 37 കോടിയാണ്. രാജ്യത്തെ ഡിജിറ്റല്‍ സേവനങ്ങളുടെ ഡ്രൈവിംഗ് സീറ്റിലാണ് ജിയോ ഇപ്പോള്‍ എന്നാണ് ഇതിനോട് റിലയന്‍സ് മേധാവി മുകേഷ് അംബാനി പ്രതികരിച്ചത്.

Read More: മുകേഷ് അംബാനിയുടെ ജിയോ ഒന്നാം സ്ഥാനത്ത്, വോഡഫോൺ ഐഡിയയെയും എയർടെല്ലിനെയും മുട്ടുകുത്തിച്ചു !

അതേ സമയം ഡിസംബറില്‍ ഡാറ്റാ താരീഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടാണ് ഇത്രയും ലാഭം റിലയന്‍സ് ജിയോ നേടിയത് എന്നത് വിപണി വ‍ൃത്തങ്ങളില്‍ അത്ഭുതം ഉണ്ടാക്കുന്നുണ്ട്. അതേ സമയം രാജ്യത്തെ വയര്‍ലെസ് ടെക്നോളജി അടിസ്ഥാന സൗകര്യ വികസനം, ഹോം എന്‍റര്‍ടെയ്മെന്‍റ്, മാര്‍ക്കറ്റിംഗ് രംഗത്ത് ജിയോ തങ്ങളുടെ ചുവടുകള്‍ ശക്തമാക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്.