2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി പറഞ്ഞു.

മുംബൈ: നാല് നഗരങ്ങളിൽ നാളെ മുതൽ ജിയോ 5 ജി എത്തുന്നു. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴി സേവനം ലഭ്യമാകും. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC-2022) ആറാമത് എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി പറഞ്ഞു. മൊബൈൽ ഫോണുകളിൽ അതിവേഗ ഇന്‍റര്‍നെറ്റിന്‍റെ യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് 5 ജി ടെലിഫോൺ സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5 ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഇനി ഏഷ്യൻ മൊബൈൽ കോൺഗ്രസും ഗ്ലോബൽ മൊബൈൽ കോൺഗ്രസും ആയി മാറുമെന്ന് അംബാനി പറഞ്ഞു. ഏറ്റവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകൾ ജിയോ വാഗ്ദാനം ചെയ്യുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഉപയോക്താക്കൾ 5 ജി പ്ലാനുകൾക്ക് വലിയ തുക നൽകേണ്ടതില്ലെന്നും അവ താങ്ങാവുന്ന വിലയിൽ അവതരിപ്പിക്കുമെന്നും കേന്ദ്രസർക്കാർ ഇതിനകം തന്നെ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ 5 ജി യു​ഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്‌പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ പോയത്.

5 ജി വന്നു, ട്രായ് വടിയെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയത്ര സുഖകരമാവില്ല