മുംബൈ: റിലയന്‍സ് ഷോപ്പിംഗ് പ്ലാറ്റ്ഫോം ജിയോ മാര്‍ട്ടിന്‍റെ ആപ്പിന് വന്‍ സ്വീകരണമെന്ന് റിപ്പോര്‍ട്ട്. പുറത്തിറങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജനപ്രിയമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പിള്‍ പ്ലേ സ്റ്റോറില്‍ ജനപ്രിയ ആപ്പുകളില്‍ മൂന്നാം സ്ഥാനത്തും, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ജനപ്രിയ ആപ്പുകളില്‍ രണ്ടാം സ്ഥാനത്തുമാണ് ജിയോ മാര്‍ട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആപ്പ് ബ്രെയിന്‍ ശേഖരിച്ച റിപ്പോര്‍ട്ട് പ്രകാരം ആപ്പുകള്‍ ഒരു ദശലക്ഷം എന്ന നാഴികകല്ല് പിന്നിട്ടുകഴിഞ്ഞു. നിലവില്‍ ദിവസം 2.5 ലക്ഷം ഓഡറുകള്‍ ഈ ആപ്പ് പ്രകാരം നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സോഡക്സോ മീല്‍സ് കൂപ്പണുകള്‍ പോലും പേമെന്‍റിന് ഉപയോഗിക്കാം എന്ന ഓപ്ഷന്‍ വന്നതോടെ കൂടുതല്‍ ഉപയോക്താക്കളെ ജിയോ മാര്‍ട്ടിന് ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ 200 നഗരങ്ങളില്‍ മാത്രമാണ് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്. ആദ്യ ഘട്ടത്തില്‍ പലചരക്കു വില്‍പ്പനയില്‍ മേല്‍ക്കോയ്മ നേടാനായിരിക്കും കമ്പനി ശ്രമിക്കുക എന്നാണ് പറയുന്നത്. ഡെലിവറി ഫ്രീ ആയിരിക്കുമെന്നതു കൂടാതെ, എംആര്‍പിയുടെ 5 ശതമാനമെങ്കിലും കിഴിവും നല്‍കുമെന്ന് കമ്പനി അറിയിക്കുന്നു. 

സാധനങ്ങള്‍ വാങ്ങാന്‍ ഒന്നിലേറെ രീതികളില്‍ പണമടയ്ക്കാം – നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിക്കാം. ക്യാഷ് ഓണ്‍ ഡെലിവറിയും ഉണ്ട്.  തങ്ങള്‍ വില്‍ക്കുന്ന പഴങ്ങളുടെയും പച്ചക്കറിയുടെയും മുഖ്യ പങ്കും കര്‍ഷകരില്‍ നിന്ന് നേരിട്ടു ശേഖരിച്ചതാണ് എന്നാണ് റിലയന്‍സ് പറയുന്നത്.