മുംബൈ: കൊറോണയും ലോക്ക്ഡൌണ്‍ മൂലവും ലോകം പ്രതിസന്ധി നേരിടുമ്പോള്‍ കഴിഞ്ഞ എട്ട് ആഴ്ചയ്ക്കുള്ളില്‍ വന്‍ നിക്ഷേപം ആകര്‍ഷിച്ച് റിലയന്‍സിന്‍റെ ജിയോ പ്ലാറ്റ്ഫോം. ടെലികോം രംഗത്ത് കുറഞ്ഞകാലത്തില്‍ തന്നെ വലിയ മുന്നേറ്റം നടത്തിയ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ കഴിഞ്ഞ എട്ട് ആഴ്ചയ്ക്കുള്ളില്‍ ജിയോ പ്ലാറ്റ്ഫോമിലേക്ക് ആകര്‍ഷിച്ചത് 104,326.95 കോടി രൂപയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവും അവസാനം ആഗോള അസറ്റ് കമ്പനിയായ ടിപിജി, ജിയോ പ്ലാറ്റ്‌ഫോമിൽ 4,546.80 കോടി രൂപ നിക്ഷേപിക്കും എന്നാണ് പ്രഖ്യാപിച്ചത്. അത് പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങളിലൊന്നായ എൽ കാറ്റർട്ടൺ ജിയോ പ്ലാറ്റഫോംസിൽ 1894.50 കോടി രൂപ നിക്ഷേപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇരു നിക്ഷേപകരെയും സ്വാഗതം ചെയ്തുള്ള റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സന്ദേശം 
പുറത്തുവിട്ടിട്ടുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത ബിസിനസുകൾ സൃഷ്ടിക്കുന്നതിൽ എൽ കാറ്റർട്ടണന്‍റെ അനുഭവം ജിയോയ്ക്ക് ഗുണകരമാകും എന്ന് പറയുന്നു, ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍  സാങ്കേതികവിദ്യയും ഉപഭോക്തൃ അനുഭവവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട് ഇന്ത്യയില്‍ ഇതിന് ഗുണകരമാകുന്ന നീക്കമാണിത്. 

ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും ചെറുകിട ബിസിനസ്സുകളെയും സേവിക്കുന്ന ആഗോള സാങ്കേതിക ബിസിനസുകളിൽ നിക്ഷേപം നടത്തിയതിന്‍റെ വലിയ അനുഭവങ്ങള്‍ രണ്ട് നിക്ഷേപകര്‍ക്കും ഉണ്ടെന്നും റിലയൻസ് ചെയർമാൻ പറഞ്ഞു.

ഇതോടെ പുതിയ  നിക്ഷേപകങ്ങള്‍ ഉൾപ്പടെ ജിയോ കഴിഞ്ഞ എട്ട് ആഴ്ചയിൽ 10 നിക്ഷേപകർക്ക് കമ്പനിയുടെ 22.3 ശതമാനം ഓഹരികൾ വിറ്റു എന്നാണ് കണക്ക്. ഏപ്രിൽ 22 മുതൽ പ്രമുഖ ആഗോള നിക്ഷേപകരായ ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്റ്റ ഇക്വിറ്റി പാർട്ണർ, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബഡാല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ എന്നിവരാണ് ജിയോയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ 38.8 കോടി സബ്‌സ്‌ക്രൈബർമാരുള്ള നെറ്റ്വര്‍ക്കാണ് ജിയോ പ്ലാറ്റഫോംസ്. അടുത്തിടെ ചെറുകിട വ്യാപാരികൾ, മൈക്രോ ബിസിനസുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇ-കോമേഴ്സ് രംഗത്ത് ജിയോ മാര്‍ട്ട് എന്ന ചുവടുവയ്പ്പും ജിയോ നടത്തിയിട്ടുണ്ട്.