വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം.

മോസ്കോ: ജോലി ആവശ്യങ്ങൾക്കായി ആപ്പിൾ ഐഫോണുകളും ഐപാഡുകളും ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കി റഷ്യ. വ്യക്തിഗത ആവശ്യങ്ങൾക്ക് ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും റഷ്യൻ ഡിജിറ്റൽ വികസന മന്ത്രാലയം. നടപടി ഐഫോൺ ഉപകരണങ്ങളിൽ നിന്ന് ഡേറ്റ ചോരുന്നെന്ന റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം.

വിവര ചോര്‍ച്ച സംബന്ധിച്ച റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ എഫ് എസ്ബിയുടെ റിപ്പോര്‍ട്ട് വന്ന് രണ്ട് മാസത്തിന് ശേഷമാണ് തീരുമാനം. ആപ്പിള്‍ ഉപകരണങ്ങള്‍ യുഎസ് നിര്‍ദ്ദേശം പാലിച്ച് നിരവധി തവണ ഡാറ്റ ലീക്ക് ചെയ്തതായാണ് റഷ്യയുടെ കണ്ടെത്തല്‍. എന്നാല്‍ റഷ്യയുടെ കണ്ടെത്തലിനേക്കുറിച്ച് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. 2023ലെ ഐഫോണ്‍ ലോഞ്ച് സെപ്തംബര്‍ 12 നടക്കാനിരിക്കെയാണ് റഷ്യയുടെ തീരുമാനം എത്തുന്നത്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആപ്പിള്‍ ഉകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനായ 15.6.1ലേക്ക് അപ്ഡേറ്റ് ചെയ്‍ത് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദേശം. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയ്ക്ക് ആപ്പിള്‍ കംപ്യൂട്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍ വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ആപ്പിള്‍ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനത്തെ ബഗ്ഗുപയോഗിച്ച് നിയന്ത്രിക്കാനും, വിവരങ്ങള്‍ എടുക്കാനും സിഐഎയ്ക്ക് സാധിക്കുമെന്നായിരുന്നു വിക്കിലീക്സ് വെളിപെടുത്തിയത്.

ഇത്തരത്തില്‍ കംപ്യൂട്ടറുകളുടെ ബാധിക്കുന്ന ബഗ് സിസ്റ്റം റീ ഇന്‍സ്റ്റാള്‍ ചെയ്താലും പോകില്ലെന്ന് വിക്കിലീക്‌സ് അവകാശപ്പെട്ടിരുന്നു. ആപ്പിളിന്റെ ഐപാഡ്, കംപ്യൂട്ടര്‍ എന്നിവ ഉപയോഗിച്ച് സിഐഎ എങ്ങനെയാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളിലേക്കാണ് വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം