"ഫ്രം റഷ്യ, വിത്ത് ലവ്..."

റഷ്യ അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്‌സി സംസ്ഥാനങ്ങളിലെ ആശുപത്രികൾക്ക് കൊറോണയെ തോൽപ്പിക്കാൻ വേണ്ടി 45 വെന്റിലേറ്ററുകൾ കൊടുത്തയച്ചിരുന്നു. ആ വെന്റിലേറ്ററുകൾ വന്ന ഷിപ്പ്മെന്റിനു മുകളിൽ സ്പ്രേ പെയിന്റുകൊണ്ട് എഴുതിയിട്ടിരുന്ന സന്ദേശമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അതേപേരിൽ ഒരു ജെയിംസ് ബോണ്ട് സിനിമയുമുണ്ട്. 

 

 

എന്നാൽ, സാങ്കേതികമായ ഒരു തടസ്സം നിമിത്തം ആ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ ഗോഡൗണിൽ തന്നെ സൂക്ഷിക്കേണ്ടി വന്നു അമേരിക്കയ്ക്ക്. അമേരിക്കയിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് 110 വോൾട്ട് സപ്ലൈയിൽ ആണ്, അതേ സമയം 220 വോൾട്ട് സപ്ലൈയിലും. റഷ്യൻ പവർ കണക്ടറുകൾ അമേരിക്കൻ സോക്കറ്റിൽ കയറ്റാൻ പറ്റില്ല. അഥവാ കയറ്റിയാലും പ്രവർത്തിക്കില്ല. ചിലപ്പോൾ ഉപകരണം കേടായി എന്നുമിരിക്കും. അതുകൊണ്ട് അവർ ആ വെന്റിലേറ്ററുകൾ ഉപയോഗിക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു. 

എന്നാൽ, ഈ വെന്റിലേറ്ററുകൾ വന്ന സമയത്ത് പവർ കൺവെർട്ടറുകളോ അതുപോലുള്ള 'തട്ടിക്കൂട്ട്'  സംവിധാനങ്ങളോ ഉപയോഗിച്ച് ആ റഷ്യൻ വെന്റിലേറ്ററുകൾ തങ്ങളുടെ ആശുപത്രികളിൽ പ്രവർത്തിപ്പിക്കാൻ തോന്നിക്കാതിരുന്നതിൽ ദൈവത്തിനു നന്ദി പറയുകയാണ് ഇപ്പോൾ ന്യൂയോർക്ക്, ന്യൂ ജഴ്സി സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതർ. കാരണം, അത്രമേൽ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് റഷ്യയിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്. റഷ്യ 'സ്നേഹപൂർവ്വം' അമേരിക്കയ്ക്ക് കൊടുത്തയച്ച അതേ മോഡൽ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് മോസ്‌കോ നഗരത്തിലെ രണ്ട് ആശുപത്രികളിൽ നടന്ന അപകടങ്ങളിലായി വെന്തുമരിച്ചിരിക്കുന്നത് ആറു രോഗികളാണ്. ഈ അപകടങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യൻ പൊലീസ് ഇപ്പോൾ. 

 

 

കൊവിഡ് ബാധ പടർന്നു പിടിച്ച സമയത്ത് വെന്റിലേറ്ററുകൾ പ്രതിരോധത്തിന്റെ ചിഹ്നങ്ങളായി മാറിയിരുന്നു. കൊവിഡ് ബാധിച്ച് മരണത്തോട് മല്ലിടുന്ന രോഗികളുടെ അവസാനത്തെ പ്രതീക്ഷയാണ് വെന്റിലേറ്ററുകൾ. അവ വേണ്ടത്ര ലഭ്യമല്ലാതിരുന്നതുകൊണ്ടു മാത്രം പല രോഗികളും മരണപ്പെട്ടു. വേണ്ടത്ര വെന്റിലേറ്ററുകൾ ഉണ്ട് എന്നതും, ആവശ്യം കഴിഞ്ഞ് കയറ്റി അയക്കാൻ സാധിക്കുന്നു എന്നതും ഒക്കെ അഭിമാനിക്കാനുള്ള വകയായിരുന്ന സമയത്താണ് റഷ്യ ഇങ്ങനെ ഒരു ഷിപ്പ്മെന്റ് നിറയെ വെന്റിലേറ്ററുകൾ അമേരിക്കയിലെ കൊവിഡ് ബാധിത നഗരങ്ങളിലേക്ക് അയച്ചത്. മൂന്നര ലക്ഷത്തോളം പേർക്ക് കോവിഡ് ബാധിച്ച ന്യൂയോർക്കിൽ ആകെ മരിച്ചത് 27,000 -ലധികം പേരാണ്. ന്യൂ ജേഴ്സിയിൽ ഏകദേശം ഒന്നരലക്ഷത്തോളം കേസുകളുണ്ട്. മരണം പതിനായിരത്തോട് അടുക്കുന്നു. കൊവിഡ് മഹാമാരി ഇനിയും ഇരു നഗരങ്ങളിലും പൂർണമായും നിയന്ത്രണാധീനമായിട്ടുമില്ല. എന്നാലും, തങ്ങളുടെ പക്കലുള്ള വെന്റിലേറ്ററുകൾ ഇനി എന്തായാലും ഫെഡറൽ ഏജൻസികളുടെ അനുമതി കിട്ടിയിട്ടേ ഉപയോഗിക്കാനോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നുള്ളൂ എന്നാണ് ഈ രണ്ടു നഗരങ്ങളിലെയും ആരോഗ്യവകുപ്പ് അധികൃതരുടെ തീരുമാനം.