ഇത് ഒരു പാശ്ചാത്യ ടെക് കമ്പനിയില്‍ റഷ്യയുടെ എക്കാലത്തും ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ്. 

മോസ്കോ: റഷ്യയില്‍ വീണ്ടും വീണ്ടും തിരിച്ചടി നേരിടുകയാണ് ഇന്‍റര്‍നെറ്റ് രംഗത്തെ വമ്പന്മാര്‍. തുടര്‍ച്ചയായ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ടത് ഗൂഗിളിനും, ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയ്ക്കുമാണ്. കോടതി വിധിയിലൂടെ ഗൂഗിളിന് 100 മില്യണ്‍ ഡോളര്‍ പിഴയും. ഫേസ്ബുക്ക് മാതൃ കമ്പനിക്ക് 27 മില്ല്യണ്‍ ഡോളറുമാണ് പിഴ ചുമത്തയിരിക്കുന്നത്.

നിരോധിത ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ട ഗൂഗിളിന് ഒരു റഷ്യന്‍ കോടതി പിഴ ഇട്ടു. പിഴയുടെ വലിപ്പം കേട്ട് ഞെട്ടണ്ട. 100 മില്യണ്‍ ഡോളറാണ് പിഴ ചുമത്തിയിരിക്കുന്നത്. ഇത് ഒരു പാശ്ചാത്യ ടെക് കമ്പനിയില്‍ റഷ്യയുടെ എക്കാലത്തും ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ്. അനധികൃത ഉള്ളടക്കമെന്ന് കരുതുന്ന കാര്യങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പാലിക്കാന്‍ വിദേശ സാങ്കേതിക സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള റഷ്യന്‍ തന്ത്രമാണിതെന്നാണ് പൊതുവേ കരുതുന്നത്. 

ജയിലില്‍ കിടക്കുന്ന പ്രതിപക്ഷ നേതാവ് അലക്‌സ് നവല്‍നിയുടെയും കൂട്ടാളികളുടെയും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ റഷ്യ എതിര്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ സംഭവത്തെയും ഇതിനോടു ചേര്‍ത്തു വായിക്കാം. ഇത്തരത്തില്‍ റഷ്യ എതിര്‍ത്തിരുന്ന നിരവധി ആപ്പുകള്‍ നേരത്തെ തന്നെ ആപ്പിളും ഗൂഗിളും നീക്കം ചെയ്തിരുന്നു.

റഷ്യ ഈ വര്‍ഷം ട്വിറ്ററിന്റെ നെറ്റ്വര്‍ക്കിന്റെ വേഗത കുറയ്ക്കുകയും മുമ്പ് സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനായ ടെലിഗ്രാം ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ആഗോള നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമുകളുമായുള്ള തങ്ങളുടെ സംയുക്ത പ്രവര്‍ത്തനം റഷ്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ശഠിക്കുന്നത് തുടരുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്നലെ പറഞ്ഞത്. 

ഇക്കാര്യത്തില്‍ ആവശ്യങ്ങള്‍ ഉയര്‍ത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും. അത്തരം പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇതൊരു താക്കീതാണ്. റഷ്യന്‍ സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ അവഗണിക്കുന്നവര്‍ക്കൊരു മുന്നറിയിപ്പാണിത്, പുടിന്റെ പ്രസ്താവനയില്‍ പറയുന്നു.