കൂടുതല്‍ പരിസ്ഥിതി സൌഹാര്‍ദ്ദമാകാന്‍ നിര്‍ണായക മാറ്റവുമായി സാംസംഗ്. ടി വി റിമോട്ടുകളെ സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീക്കം. കാലപ്പഴക്കം ചെന്ന ബാറ്ററികള്‍ മാലിന്യമാകുന്നത് തടയാനാണ് നീക്കം. ടി വി സ്ക്രീനിന്‍റെ കാര്യത്തില്‍ വ്യാപകമായ  മാറ്റങ്ങള്‍ ഇക്കാലയളവില്‍ ഉണ്ടായെങ്കിലും റിമോട്ടിന്‍റെ കാര്യത്തില്‍ കാര്യമായ അപ്ഗ്രേഡിംഗ് സംഭവിച്ചിട്ടില്ല. മിക്ക ബാറ്ററികളും ഇപ്പോഴും ഉപയോഗിക്കുന്നത് ട്രിപ്പിള്‍ എ ബാറ്ററികളാണ്. പ്രതീക്ഷിച്ചതിലും അധികം സമയം ബാറ്ററിയുടെ ലൈഫ് കിട്ടുന്നതാണ് ഇതിന് പ്രധാനകാരണമായി പറയപ്പെടുന്നത്.

ഉപയോഗശേഷം വ്യാപകമായ രീതിയില്‍ ഈ ബാറ്ററികള്‍ ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് സാംസംഗ് ടിവി നിര്‍മ്മാതാക്കളുടെ ശ്രമം. ബാറ്ററികള്‍ ഒരിക്കലും മാറ്റിയിടേണ്ട സ്ഥിതിയില്ലാത്ത രീതിയില് സൌരോജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് റിമോട്ടിനെ മാറ്റുമെന്നാണ് സാംസംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരിയ സോളാര്‍ പാനല്‍ റിമോട്ടില്‍ ഘടിപ്പിച്ച് ആയിരിക്കും റിമോട്ടിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി എത്തിക്കുക. സൂര്യപ്രകാശം കൊണ്ട് മാത്രമല്ല റൂമില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകളില്‍ നിന്നും ചാര്‍ജ്ജ് ചെയ്യപ്പെടാവുന്ന രീതിയില്‍ ഈ പാനലിന് പ്രവര്‍ത്തിക്കാനാവും. ആവശ്യമെങ്കില്‍ വൈദ്യുതിയില് കണക്ട് ചെയ്തും റിമോര്‍ട്ട് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. ഗോയിംഗ് ഗ്രീന്‍ എന്ന പദ്ധതിയിലാണ് ഈ നിര്‍ണായക മാറ്റത്തിനായുള്ള ശ്രമം എന്നും സാംസംഗ് വിശദമാക്കുന്നു.

ഏഴുവര്‍ഷത്തിനുള്ളില്‍ ലോകത്തില്‍ ഉപേക്ഷിക്കപ്പെടുന്നത് 99 ദശലക്ഷം ബാറ്ററികളാണെന്നാണ് സാംസംഗ് നിരീക്ഷിക്കുന്നത്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്നായിരിക്കും ഈ റിമോട്ടുകളും നിര്‍മ്മിക്കുക. സമാനമായി പാക്കേജുകളില്‍ ഓയില്‍ അടിസ്ഥാനമായ പെയിന്‍റുകള്‍ ഉപയോഗിക്കുന്നതും കുറവ് വരുത്തുമെന്നാണ് സാംസംഗ് വിശദമാക്കുന്നത്.