ഇന്ത്യയില്‍ അരോഗ്യ ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാന്‍ യുസിസെഫിനും, ഇന്ത്യയിലെ എന്‍ജിഒകള്‍ക്കും 135 കോടി സഹായം നല്‍കുമെന്ന് ഗൂഗിള്‍ സിഇഒ പിച്ചായ് അറിയിച്ചു. 

ദില്ലി: ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയും സഹായവും വാഗ്ദാനം ചെയ്ത് ടെക് ഭീമന്മാരുടെ തലവന്മാര്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല എന്നിവരാണ് ഇന്ത്യയിലെ അവസ്ഥയില്‍ സഹായങ്ങളും മറ്റും പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്.

ഇന്ത്യയില്‍ അരോഗ്യ ഉപകരണങ്ങളും മറ്റും വിതരണം ചെയ്യാന്‍ യുസിസെഫിനും, ഇന്ത്യയിലെ എന്‍ജിഒകള്‍ക്കും 135 കോടി സഹായം നല്‍കുമെന്ന് ഗൂഗിള്‍ സിഇഒ പിച്ചായ് അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് അവസ്ഥ കാണുമ്പോള്‍ ഭയാനകം എന്നാണ് ഗൂഗിള്‍ സിഇഒ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൈക്രോസ്ഫോറ്റ് തലവനായ സത്യ നദെല്ല, ഹൃദയഭേദകം എന്നാണ് ഇന്ത്യയിലെ കൊവിഡ് രണ്ടാം തരംഗത്തെയും അതുണ്ടാക്കുന്ന ദുരിതങ്ങളെയും വിശേഷിപ്പിച്ചത്. മെഡിക്കല്‍ ഒക്സിജന്‍ എത്തിക്കുന്ന സഹായം അടക്കം മൈക്രോസോഫ്റ്റിന് ആകുന്ന തരത്തിലുള്ള വിഭാഗശേഷി ഉപയോഗിച്ച് ഇന്ത്യയെ സഹായിക്കുമെന്ന് ഇദ്ദേഹം പറയുന്നു. 

ഈ പ്രതിസന്ധിയില്‍ ഇന്ത്യയെ സഹായിക്കാന്‍ വേണ്ട നീക്കങ്ങള്‍ അമേരിക്കന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മൈക്രോസോഫ്റ്റ് തലവന്‍ ആവശ്യപ്പെടുന്നുണ്ട്. 

കഴിഞ്ഞ ദിവസം മാത്രം ഇന്ത്യയില്‍ 3.52 ലക്ഷം പ്രതിദിന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന് പുറമേ 24 മണിക്കൂറില്‍ 2,800 മരണങ്ങളും കൊവിഡിനാല്‍ സംഭവിച്ചു.