ദില്ലി: സോഷ്യല്‍ മീഡിയയിലെ  ട്രെന്‍റാണ് ഫേസ് ആപ്പ്.  ഫേസ്ആപ്പ് ഉപയോഗിച്ച് സ്വന്തം ചിത്രവും, സുഹൃത്തുക്കളുടെ ചിത്രവും പ്രായം കൂട്ടി രസിക്കുന്നവര്‍ ഏറെയാണ്. ചിലപ്പോള്‍ ഫേസ്ബുക്കിലും മറ്റും കയറുന്നവര്‍ ഇവിടം 'ഓള്‍ഡ്' ഫേസ്ബുക്കായോ എന്ന് പോലും സംശയം ഉന്നയിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഫേസ്ആപ്പ് എന്ന ആപ്പാണ് ഇത്തരം ഒരു ട്രെന്‍റ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാക്കിയത്. ഏറ്റവും പുതിയ വിവരം വച്ച്  122 രാജ്യങ്ങളിൽ നിന്നുള്ളവരായി ഏകദേശം 100 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗൂഗിൽ പ്ലേയിൽ നിന്നും ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐഒഎസ് ആപ്പ് ഡൗണ്‍ലോഡിലും ഈ ആപ്പ് പിന്നില്‍ അല്ല. 

എന്നാല്‍ പ്രായം കൂട്ടി ഫേസ്ആപ്പില്‍ കളിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഇത് ഒരു കെണിയാണോ എന്ന സംശയമാണ് ചില ദിവസങ്ങളായി ഉയരുന്നത്. ഫേസ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പുള്ള ഫേസ്ആപ്പിന്‍റെ സേവന നിബന്ധനകൾ ഇതിലേക്കുള്ള സൂചനയായി പറയപ്പെടുന്നു. ആപ്പ് വഴി എ‍ഡിറ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ക്ക് ഒരിക്കലും അവസാനിക്കാത്തതും മാറ്റാൻ കഴിയാത്തതുമായ റോയൽറ്റി ആപ്ലിക്കേഷന് സ്വന്തമാണെന്ന് ആപ്പ് നിബന്ധന വയ്ക്കുന്നു. ഒപ്പം ആപ്പിലെത്തുന്ന ചിത്രങ്ങള്‍  അവർക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാൻ അവർക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

ബുധനാഴ്ച അമേരിക്കന്‍ സെനറ്റ് അംഗമായ ചക്ക് ഷമ്മര്‍ ഫേസ് ആപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളളതാണെന്നതാണ് ആപ്പിനെ സംബന്ധിച്ച് ആശങ്ക വര്‍ധിക്കാന്‍ കാരണം. ഫേസ് ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയോ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണോ എന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോടും ചക്ക് ഷമ്മര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. 

ആപ്ലിക്കേഷന്‍റെ നിര്‍മ്മാതാക്കളായ റഷ്യന്‍ കമ്പനി വയർലെസ് ലാബ്സ് ഈ ആരോപണങ്ങള്‍ എല്ലാം തള്ളിക്കളയുന്നുണ്ട്. നിങ്ങളുടെ വിവരങ്ങൾ മറ്റ് കമ്പനികൾക്ക് വിൽപന നടക്കുന്നില്ലെന്നും. ഉപയോഗത്തിന് ശേഷം 48 മണിക്കൂറിനുള്ളില്‍ തന്നെ ഉപയോക്താവിന്‍റെ ചിത്രം സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഫോട്ടോകളുടെ സമ്പൂര്‍ണ്ണ അധികാരം മാത്രമല്ല ഫേസ്ആപ്പ് കുരുക്ക് വേറെയും ഉണ്ടെന്നാണ് പുതിയ വാര്‍ത്ത. സയന്‍സ് അലെര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ യൂണിവേഴ്സിറ്റി അഡ്ലെയ്ഡിലെ നിയമ വിഭാഗം അദ്ധ്യാപകന്‍ മാര്‍ക്ക് ഗിനക്സ്പാരോ ഈ കുരുക്കുകള്‍‌ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് വരുന്ന നിബന്ധനകളിലാണ് കുരുക്ക്. ഇതില്‍ ഏറ്റവും പ്രധാനം 15മത്തെ നിബന്ധനയാണ്. ഇത് പ്രകാരം നിങ്ങള്‍ക്ക് ഫേസ്ആപ്പിനെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമനടപടി നടത്തുക എന്നത് അസാധ്യമാണെന്ന് പറയാം. കാരണം ഏതെങ്കിലും തരത്തില്‍ ഫേസ്ആപ്പിനെതിരെ ലോകത്ത് എവിടെ കേസ് നടത്താനും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ റഷ്യയിലെ ഫേസ്ആപ്പിന്‍റെ ഓഫീസിലേക്ക് കത്ത് എഴുതി (ഇ-മെയില്‍ അല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക) റജിസ്ട്രര്‍ ചെയ്യണം. അതായത് ആപ്പിന്‍റെ 100 മില്ല്യണ്‍ ഉപയോക്താക്കള്‍ക്ക് ഇനി ആപ്പിനെതിരെ ഒരു നിയമനടപടിയും സാങ്കേതികമായി നടത്താന്‍ സാധിക്കില്ല.

ഫേസ്ആപ്പിന്‍റെ മാതൃകമ്പനി വയര്‍ലെസ് ലാബിന്‍റെ സെന്‍റ് പീറ്റേര്‍സ്ബര്‍ഗിനെ ഓഫീസ് അഡ്രസ് ഇതാണ്.

Wireless Lab OOO
16 Avtovskaya 401
Saint-Petersburg, 198096, Russia

ഈ വിലാസത്തിലാണ് കത്ത് പോകേണ്ടത്. ഇങ്ങനെ അയക്കുന്ന കത്തില്‍ നിങ്ങളുടെ പൂര്‍ണ്ണമായ പേര് വേണം. ഇത് പോലെ തന്നെ വിചിത്രമാണ് 17മത്തെ നിബന്ധന. ഇത് പ്രകാരം ആപ്പ് ഉപയോഗിക്കുന്നതിലെ ക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അത് ഉപയോക്താവിനെ നോട്ടിഫൈ ചെയ്യണം എന്ന് നിര്‍ബന്ധമില്ല. അത് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും. ഇത് പ്രകാരം ഭാവിയില്‍ ഫേസ്ആപ്പ് ഉപയോഗിക്കാന്‍ ഫീസ് ഏര്‍പ്പെടുത്തിയാല്‍ അത് നോട്ടിഫൈ ചെയ്യണം എന്നത് വയര്‍ലെസ് ലാബിന്‍റെ ഉത്തരവാദിത്വം അല്ല. അതിനാല്‍ തന്നെ ചിലപ്പോള്‍ നിങ്ങള്‍ ആപ്പ് സ്റ്റോറുമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും നിങ്ങള്‍ പോലും അറിയാതെ പണം പോയേക്കാം.

നിബന്ധനങ്ങളിലെ 10 മത്തെ നമ്പര്‍ പ്രകാരം നിങ്ങള്‍ക്ക് ആപ്പ് മൂലം എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ ആപ്പിന് ഒരു ഉത്തരവാദിത്വവും കാണില്ലെന്നാണ് പറയുന്നത്. അതായത് ഭാവിയില്‍ നിങ്ങളുടെ ഫേസ്ആപ്പ് ചിത്രം ദുരുപയോഗപ്പെടുത്തിയാല്‍ പോലും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ചുരുക്കം.