മുംബൈ: ആമസോണ്‍ ഫ്ലിപ്പ്കാര്‍ട്ട് അടക്കമുള്ള ഇ-കോമേഴ്സ് സൈറ്റുകളില്‍ നടന്ന ഉത്സവകാല വില്‍പ്പനയില്‍ ആറ് ദിവസത്തില്‍ 26,000 കോടി രൂപയുടെ സാധനങ്ങള്‍ വിറ്റുപോയതായി റിപ്പോര്‍ട്ട്. ഇക്കണോമിക് ടൈംസ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ ഓഫര്‍ സെയില്‍ സമയത്തെ വില്‍പ്പനയെക്കാള്‍ 33 ശതമാനം അധിക വില്‍പ്പനയാണ് ഇതിലൂടെ ഉണ്ടായത് എന്നാണ് ഇ.ടി റിപ്പോര്‍ട്ട് പറയുന്നത്. 

ആമസോണ്‍ ഈ സീസണില്‍ നടന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ 50 ശതമാനം വിഹിതം നേടാനായതായാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍. അതേസമയം തങ്ങള്‍ 73ശതമാനം വിപണി വിഹിതം നേടാനായാതായി ഫ്ലിപ്പ്കാര്‍ട്ടും അവകാശപ്പെടുന്നുണ്ട്. വാള്‍മാര്‍ട്ടാണ് ഫ്ലിപ്പ്കാര്‍ട്ടിന്‍റെ പ്രമോട്ടര്‍മാര്‍. 50 ശതമാനം പുതിയ ഉപയോക്താക്കളെ ലഭിച്ചുവെന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അവകാശവാദം.

ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഉപകരണം സ്മാര്‍ട്ട്ഫോണുകളായിരുന്നു. രാജ്യത്തെ 15,000 പിന്‍കോഡില്‍ നിന്നുള്ളവര്‍ പുതുതായി തങ്ങളുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തുവെന്നാണ് അമസോണ്‍ അവകാശപ്പെടുന്നത്. അതേ സമയം ഇരു ഇ-കോമേഴ്സ് ഭീമന്മാരും ഇന്ത്യയില്‍ നടത്തിയ ബിഗ് ബില്ല്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സെയില്‍ എന്നിവ അവരുടെ അവകാശവാദത്തോളം എത്തിയിട്ടുണ്ടെന്നാണ് തേര്‍ഡ് പാര്‍ട്ടി നിരീക്ഷകരും വിലയിരുത്തുന്നത്.

പ്രധാനമായും രാജ്യത്തെ ചെറുപട്ടണങ്ങളില്‍ നിന്നും വന്‍ ആവശ്യക്കാരാണ് ഈ സെറ്റുകളിലേക്ക് എത്തിയത്. ആമസോണിന്‍റെ പുതിയ ഉപഭോക്താക്കളില്‍ 91 ശതമാനം പേരും എത്തിയിരിക്കുന്നത് ടയര്‍ 2.3 നഗരങ്ങളില്‍ നിന്നാണ്.  ആമസോണിന് ലോകത്ത് ഏറ്റവുമധികം നഷ്ടമുണ്ടാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2017 ലെ കണക്കു പ്രകാരം ആമസോണിന്റെ അതുവരെയുളള നഷ്ടം ഏകദേശം 2.1 ബില്ല്യന്‍ ഡോളറാണ്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങള്‍ക്ക് ഇന്ത്യയിലെ നിക്ഷേപം ഗുണം ചെയ്‌തേക്കാമെന്ന പ്രതീക്ഷയിലാണ് ലോകത്തെ ഏറ്റവും  വലിയ ധനികനായ ജെഫ് ബെയ്‌സോസിന്റെ കമ്പനി വീണ്ടും പണമിറക്കികൊണ്ടിരിക്കുന്നത്. എന്നാല്‍ പുതിയ നയങ്ങള്‍ അവരുടെ മുന്നോട്ടുപോക്ക് എളുപ്പമായിരിക്കില്ലെന്നു  തന്നെയാണ്. 

ചൈനയിലും ആമസോണ്‍ പരാജപ്പെടുകയായിരുന്നു. 2017 വരെ ഫ്‌ളിപ്കാര്‍ട്ടിന്റെ നഷ്ടം ഏകദേശം 8,771 കോടി രൂപയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് കമ്പനികളുടെയും വിറ്റുവരുമാനം വര്‍ധിക്കുന്നുണ്ടെങ്കിലും അത് ലാഭമായി തീരുന്നില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.  
ഇന്ത്യന്‍ വിപണിയില്‍ മാന്ദ്യം ബാധിക്കാത്ത പ്രൊഡക്ടുകളിലൊന്നായ മൊബൈല്‍ ഫോണുകളാണ് ഏറ്റവും അധികം വിറ്റഴിയുന്ന ഉല്‍പന്നം. 

മൊബൈല്‍ മാത്രം 55 ശതമാനമാണ് വിറ്റരിക്കുന്നത്. കേവലം 36 മണിക്കൂറിനുളളില്‍ വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍ എന്നീ കമ്പനികളുടെ മാത്രം 750 കോടി രൂപയുടെ ഫോണുകള്‍ വിറ്റുവെന്നും റെഡ്‌സീയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്‍പ്ലസിന്റെ 500 കോടി ഫോണ്‍ വിറ്റുപോയിരിക്കുന്നത്. സെയില്‍ രണ്ടാം ദിവസത്തില്‍ പ്രവേശിക്കുമ്പോഴാണിത്.