Asianet News MalayalamAsianet News Malayalam

നല്ലകാലം തീരുന്നോ; സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ കൂടിയേക്കും, വഴിവച്ചത് ഈ കാര്യം.!

കൌണ്ടര്‍ പൊയിന്‍റ് നടത്തിയ പുതിയ പഠനത്തില്‍ സെമി കണ്ടക്ടര്‍ ക്ഷാമം സ്മാര്‍ട്ട്ഫോണ്‍ വിലയില്‍ കാര്യമായ തോതില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയേക്കും എന്നാണ് പറയുന്നത്. 

smartphone industry hit hard by semiconductor shortage: Counterpoint
Author
New York, First Published Oct 9, 2021, 7:29 AM IST

ന്യൂയോര്‍ക്ക്: ലോക ഇലക്ട്രോണിക് വിപണിയില്‍ ഇപ്പോള്‍ ചിപ്പുകളുടെ  ക്ഷാമം വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇതിന്‍റെ അന്ത്യന്തികമായ പ്രശ്നം ഉപയോക്താവിനെ ബാധിക്കാന്‍ തുടങ്ങുന്നു എന്നാണ് പുതിയ സൂചനകള്‍. നേരത്തെ സെമി കണ്ടക്ടര്‍ ക്ഷാമം ഏറ്റവും കൂടുതല്‍ ബാധിച്ചത് കാര്‍ വിപണിയെ ആണെങ്കില്‍ മൊബൈല്‍ ഫോണ്‍ രംഗത്തേക്കും അത് വ്യാപിക്കുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

കൌണ്ടര്‍ പൊയിന്‍റ് നടത്തിയ പുതിയ പഠനത്തില്‍ സെമി കണ്ടക്ടര്‍ ക്ഷാമം സ്മാര്‍ട്ട്ഫോണ്‍ വിലയില്‍ കാര്യമായ തോതില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയേക്കും എന്നാണ് പറയുന്നത്. 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമി കണ്ടക്ടര്‍ ക്ഷാമം ഉടലെടുത്തത്. കൊവിഡ് മഹാമാരി ലോക്ക്ഡൌണ്‍ രൂപത്തില്‍ വിപണി ഉത്പാദന ശൃംഖലകളെ ബാധിച്ചപ്പോള്‍ ഈ പ്രതിസന്ധി രൂക്ഷമായി. എന്നാല്‍ കാര്‍ വിപണിയിലെ മാന്ദ്യം മുന്‍കൂട്ടി കണ്ട പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കന്പനികള്‍ ഈ ക്ഷാമത്തെ മറികടക്കാന്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു.

നേരത്തെ തന്നെ തങ്ങളുടെ സപ്ലേ ചെയിനുകള്‍ അവര്‍ സജ്ജമാക്കി നിര്‍ത്തിയിരുന്നു. അതിനാല്‍ തന്നെയാണ് സ്മാര്‍ട്ട്ഫോണ്‍ വിപണി പിടിച്ചുനിന്നത്. പലരും ആറുമാസത്തേക്ക് വിപണിക്ക് ആവശ്യമായ അപ്ലിക്കേഷന്‍ പ്രൊസസ്സറുകളും, സെന്‍സറുകളും സംഭരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ പ്രതീക്ഷിച്ച വേഗത്തില്‍ സെമി കണ്ടക്ടര്‍ ക്ഷാമം തീരുന്നില്ല എന്നതാണ് പുതിയ പ്രശ്നം. 

എന്നാല്‍ ഇപ്പോള്‍ സംഭരിച്ചുവച്ച സെമി കണ്ടക്ടറുകള്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍‍മ്മാതാക്കളുടെ കയ്യില്‍ തീരുകയാണ്. പുതിയ ഓഡറുകളില്‍ കൂടിപ്പോയാല്‍ 70 ശതമാനം മാത്രമാണ് സെമി കണ്ടക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നത്. ഇന്ത്യയില്‍ അടക്കം ഉത്സവ സീസണും, വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂഇയര്‍ സമയത്തും വലിയ തോതിലാണ് സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിയുന്നത്. അതിനാല്‍ തന്നെ സെമി കണ്ടക്ടര്‍ ക്ഷാമം ഉത്പാദനത്തെ ബാധിക്കുമോ എന്ന ആശങ്ക കമ്പനികള്‍ക്കുണ്ട്.

സാംസങ്ങ്, ഓപ്പോ, ഷവോമി എന്നീ ബ്രാന്‍റുകള്‍ക്ക് സെമി കണ്ടക്ടര്‍ ക്ഷാമം കൂടുതല്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആപ്പിള്‍ ചിലപ്പോള്‍ ഈ പ്രതിസന്ധി അതിജീവിക്കും എന്നാണ് കൗണ്ടര്‍ പൊയന്‍റ് പറയുന്നത്. അത്യന്തികമായി ഉത്സവകാലത്തിന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില കുത്തനെ കൂടാന്‍ സാധ്യതയുണ്ട്. ഒപ്പം തന്നെ ചില മോഡലുകളുടെ ഉത്പാദനം സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കും. ഇതും വിപണിയില്‍ സ്മാര്‍‍ട്ട്ഫോണുകളുടെ വില കൂടാന്‍ ഇടവരുത്തും. 

Follow Us:
Download App:
  • android
  • ios