മൊഹാലി: ഓണ്‍ലൈന്‍ വിപണിയായ സ്നാപ്ഡീലില്‍ നിന്നും ഐഫോൺ 7 പ്ലസ് ഓർഡർ ചെയ്ത് സോപ്പ് ലഭിച്ച കേസില്‍ സ്നാപ്ഡീലിന് രണ്ട് കൊല്ലത്തിന് ശേഷം പിഴ ശിക്ഷ. രണ്ട് വർഷം മുൻപാണ് പർവീൻ കുമാർ ശർമ എന്ന ഉപഭോക്താവ് പരാതിയുമായി രംഗത്ത് എത്തിയത്.  ഐഫോൺ 7 പ്ലസിനു പകരം സോപ്പ് ബാര്‍ ലഭിച്ചുവെന്നത് അന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ പർവീൻ കുമാർ ശര്‍മ സ്നാപ്ഡീലിനെതിരെ കേസിനും പോയി. അവസാനം ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്ത അവകാശ സംരക്ഷണ ഫോറം  ഉത്തരവായിരിക്കുന്നത്. 

മൊഹാലി കൺസ്യൂമർ ഫോറം ഉത്തരവിട്ടിരിക്കുന്നത്. 2017 മാർച്ച് നാലിനാണ് അദ്ദേഹം സ്നാപ്ഡീലിൽ ഓർഡർ നൽകിയത്. രണ്ട് ദിവസത്തിന് ശേഷമാണ് പാർസൽ കൈമാറിയത്.  ഐഫോൺ 7 പ്ലസിനു പകരം സോപ്പ് ആണ് കിട്ടിയതെന്ന് പറഞ്ഞ് ഉടൻ തന്നെ സ്നാപ്ഡീലിനെ സമീപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. പരാതി നൽകിയതോടെ അദ്ദേഹത്തിന്‍റെ യൂസർ അക്കൗണ്ട് വരെ സ്നാപ്ഡീൽ ഇല്ലാതാക്കിയെന്നും സിവില്‍ എഞ്ചിനീയറായ പർവീൻ കുമാർ ശർമ പറയുന്നു.

അതേ സമയം കഴിഞ്ഞ എട്ട് മാസത്തിനിടെ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്ന ഏകദേശം 8,000 വിൽപനക്കാരെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തതായി സ്‌നാപ്ഡീൽ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ വിധിയോട് കമ്പനി പ്രതികരിച്ചിട്ടില്ല.