ബംഗലൂരു: സോഷ്യല്‍ മീഡിയ കമ്പനികള്‍ വ്യക്തിയുടെ അഭിപ്രായ സ്വതന്ത്ര്യത്തെ പലപ്പോഴും ഹനിക്കുന്ന നിലപാടുകള്‍ എടുക്കുന്നതായി രാജീവ് ചന്ദ്രശേഖര്‍ എംപി. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാല്‍ഡ് ട്രംപും സോഷ്യല്‍ മീഡിയായ ട്വിറ്ററും തമ്മിലുള്ള പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. 

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അതിന്‍റെ അല്‍ഗോരിതത്തില്‍ തന്നെ വ്യക്തികളുടെ അഭിപ്രായ സ്വതന്ത്ര്യത്തെ ഹനിക്കുന്ന കാര്യങ്ങള്‍ ചേര്‍ക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തെയാണ് ഇത്തരത്തില്‍ സാങ്കേതികമായ കാര്യങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ ഹനിക്കുന്നതെന്നും ഇത് ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യല്‍ മീഡിയ ഒരു പ്രശ്നമാണെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷെ അവ നിര്‍മ്മിക്കുന്ന അല്‍ഗോരിതം പ്രശ്നമാണ്. ആരാണ് അത് നിര്‍മ്മിക്കുന്നത്. അതിന്‍റെ പ്രവര്‍ത്തനം എന്താണ്. ഈ അല്‍ഗോരിതത്തിന്‍റെ ഉത്തരവാദിത്വം ആര്‍ക്ക് എന്നതൊക്കെ അറിയേണ്ട കാര്യമാണ്. മുന്‍പും ഇതേ ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അല്‍ഗോരിതം എങ്ങനെ സോഷ്യല്‍ മീഡിയ കണ്ടന്‍റിനെ സ്വാദീനിക്കുന്നു എന്ന ചോദ്യത്തിന്, ഞങ്ങളല്ല അല്‍ഗോരിതമാണ് അത് ചെയ്യുന്നത് എന്നായിരുന്നു മറുപടി, അത് ഒരിക്കലും നമ്മുക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം സോഷ്യല്‍ മീഡിയ, ഇന്‍റര്‍നെറ്റ് അല്‍ഗോരിതങ്ങള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും നമ്മുടെ രാജ്യത്തും സംവിധാനം അത്യവശ്യമാണ് - രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.

ഭരണഘടനയാണ് രാജ്യത്തെ അഭിപ്രായസ്വതന്ത്ര്യവും അതിനുള്ള നിബന്ധനകളും തീരുമാനിക്കുന്നത്. ഇത് ഉറപ്പുനല്‍കുന്നതാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19(1)എ, 19 (2) എന്നിവ. ഇതിന് മുകളില്‍ ഒരു അല്‍ഗോരിതത്തിനും മേല്‍ക്കോയ്മ നേടാന്‍ അനുവദിക്കരുത്. 

തെരഞ്ഞെടുപ്പില്‍ അടക്കം സ്വാദീനം ചെലുത്താനുള്ള സോഷ്യല്‍ മീഡിയ കഴിവിനൊപ്പം തന്നെ  വ്യാപാരസംബന്ധമായ കാര്യത്തിലും ഇടപെടാന്‍ ഇത്തരം സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് സാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരം കമ്പനികള്‍ക്ക് അവയുടെ ബിസിനസ് ചെയ്യാം, എന്നാല്‍ തങ്ങളുടെ കണ്ടന്‍റിന്‍റെ സ്വഭാവം തന്നെ മാറ്റുന്ന രീതിയിലുള്ള ഇടപെടലുകള്‍ ചോദ്യം ചെയ്യപ്പെടരുത് എന്ന വാദം ഇന്ത്യ പോലെയുള്ള പരമാധികാര ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ പാടില്ല.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്ത്യന്‍ ആയാലും വിദേശിയായലും ഇവയെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ച ഇന്ത്യയില്‍ അത്യവശ്യമാണെന്നും  രാജീവ് ചന്ദ്രശേഖര്‍ എംപി കൂട്ടിച്ചേര്‍ത്തു.