Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിന്‍ റെഡിയാകുന്നു; 'ഇനി അവരുടെ വരവാണ്'; പുതിയ വെല്ലുവിളി ഇങ്ങനെ.!

ഈ മഹാമാരിക്കാലത്ത് നാം വിജയിക്കണമെങ്കില്‍ വ്യാജ വാര്‍ത്തയുടെയും അവിശ്വാസത്തിന്റെയും സമാന്തര മഹാമാരിയെയും തോല്‍പ്പിക്കണമെന്നാണ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും പ്രസിഡന്റായ ഫ്രാന്‍സിസ്‌കോ റോക്ക അഭിപ്രായപ്പെട്ടിരുന്നു.

Social media must prepare for flood of Covid 19 vaccine misinformation
Author
New York, First Published Dec 5, 2020, 8:50 AM IST

ന്യൂയോര്‍ക്ക്: കൊവിഡ് 19 മഹാമാരിക്കെതിരെ വാക്സിന്‍ എന്ന ഘട്ടത്തിലേക്ക് ലോകം അടുക്കുകയാണ്. ബ്രിട്ടന്‍ ഫേസര്‍ വാക്സിന് അനുമതി നല്‍കി കഴിഞ്ഞു. റഷ്യയില്‍ വ്യാപക ഉപയോഗത്തിന് പ്രസിഡന്‍റ് നിര്‍ദേശം നല്‍കി. ഇത് പോലെ തന്നെ ലോകത്തിന്‍റെ പലഭാഗത്തും വാക്സിന്‍ നിര്‍മ്മാണവും പരീക്ഷണവും വിജയകരമായി ഒരോ ഘട്ടവും പൂര്‍ത്തിയാക്കുന്നുണ്ട്. കൊവിഡ് മഹാമാരി ആരംഭിച്ച കാലത്തെക്കാള്‍ വലിയൊരു വെല്ലുവിളിയാണ് വാക്സിന്‍ പ്രയോഗം നടക്കാന്‍ ഇരിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ അഭിമുഖീകരിക്കുന്നത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.  

വാക്‌സീനുകള്‍ രംഗത്ത് എത്തുന്നതോടെ ഏറ്റവും വലിയ വ്യാജ പ്രചാരണങ്ങള്‍ അരങ്ങേറുക സമൂഹ മാധ്യമങ്ങളിലൂടെയായിരിക്കും എന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ഇതിനാൽ പുതിയ സാഹചര്യത്തില്‍ സോഷ്യൽമീഡിയ കമ്പനികൾ ഇത് എങ്ങനെ കൈകാര്യം ചെയ്യും എന്നത് വളരെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലെ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ വാക്സിന്‍ സൌജന്യമായി നല്‍കുന്നത് സംബന്ധിച്ച് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. അതിന് അടിയില്‍ ആദ്യം വന്ന കമന്‍റ് തന്നെ ഇങ്ങനെയായിരുന്നു- 'നിങ്ങള്‍ വാക്സിന്‍ വഴി നാനോചിപ്പുകള്‍ ഞങ്ങളുടെ ശരീരത്തില്‍ എത്തിച്ച് ഞങ്ങളെ നിരീക്ഷിക്കാനുള്ള പദ്ധതിയല്ലെ ഇടുന്നത്' , അതായത്  വരാനിരിക്കുന്ന വാക്സിന്‍ സംബന്ധിച്ച് വ്യാജ വാര്‍ത്തകളും അവകാശവാദങ്ങള്‍ക്കും കളം ഒരുങ്ങി കഴിഞ്ഞു.

ഈ മഹാമാരിക്കാലത്ത് നാം വിജയിക്കണമെങ്കില്‍ വ്യാജ വാര്‍ത്തയുടെയും അവിശ്വാസത്തിന്റെയും സമാന്തര മഹാമാരിയെയും തോല്‍പ്പിക്കണമെന്നാണ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും പ്രസിഡന്റായ ഫ്രാന്‍സിസ്‌കോ റോക്ക അഭിപ്രായപ്പെട്ടിരുന്നു. ചില സമൂഹ മാധ്യമങ്ങള്‍ കോവിഡ് വാക്‌സിനെതിരെയുള്ള വ്യാജ പ്രചരണത്തെ തടയാന്‍ പുതിയ സംവിധാനങ്ങള്‍ സജ്ജാമാക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വാര്‍ത്തകള്‍ തടയാന്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ ശ്രമങ്ങള്‍ വിജയകരമായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് പുതിയ നീക്കം. 

കോവിഡ്-19 വാക്‌സീനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അനുവദനീയമാണ്. എന്നാല്‍ ഏതെങ്കിലുമൊരു വാക്‌സിന്‍ ഫലപ്രദമാണെന്നോ, സുരക്ഷിതമാണെന്നോ ഉള്ള അവകാശവാദങ്ങള്‍ നീക്കം ചെയ്യും. ആരോഗ്യ പരിപാലന രംഗത്ത് ആധികാരികമായ അഭിപ്രായം പറയാന്‍ അവകാശമുള്ള സംഘടനകള്‍ പറയുന്നതു വരെ അത്തരം അവകാശവാദങ്ങള്‍ നീക്കംചെയ്യുമെന്ന് ഫേസ്ബുക്കിന്‍റെ വക്താവ് പറഞ്ഞു. വാക്‌സീന്‍ എടുക്കരുതെന്നു പറഞ്ഞുള്ള പരസ്യങ്ങളും നീക്കംചെയ്യും. ശരിക്കും പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന കണ്ടെന്റ് നീക്കംചെയ്യുമെന്നും കമ്പനി പറയുന്നു. 

അധികാരികളുടെ അംഗീകാരം നേടിയ വാക്‌സീന്‍ വരുമ്പോഴേക്ക് തങ്ങള്‍ ഒരു നയരൂപീകരണം നടത്തുമെന്നാണ് ട്വിറ്റര്‍ പറയുന്നത്. വാക്‌സീന്റെ കാര്യത്തില്‍ നയങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊറോണാവൈറസിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങള്‍ തടയാന്‍ പല നടപടികളും സ്വീകരിച്ചു കഴിഞ്ഞു. ക്ടോബറില്‍ പുറത്തിറക്കിയ പുതിയ പോളിസികള്‍ പ്രകാരം വിദഗ്ധര്‍ക്ക് യോജിപ്പില്ലാത്തതോ, ലോകാരോഗ്യ സംഘടന പോലെയുള്ള ആരോഗ്യ മേഖലയിലുള്ള സംഘടനകള്‍ അംഗീകരിക്കാത്തതോ ആയ വിഡിയോകള്‍ നീക്കം ചെയ്യും. ഉദാഹരണത്തിന് വാക്‌സീന്‍ ആളുകളെ കൊല്ലുമെന്നും, വന്ധ്യംകരിക്കുമെന്നും, അവയിലൂടെ മൈക്രോചിപ്പുകള്‍ കുത്തിവയ്ക്കും എന്നെല്ലാമുള്ള വാര്‍ത്തകളും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തുടരാന്‍ യുട്യൂബ് അനുവദിക്കില്ല. തങ്ങള്‍ സ്ഥിതിഗതികള്‍ വീക്ഷിക്കുകയാണെന്നും വേണ്ട സമയത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും യുട്യൂബിന്റെ ഒരു വക്താവ് പറഞ്ഞു.

എന്നാല്‍ ഇതൊക്കെ പ്രഥമിക നടപടികള്‍ മാത്രമാണ് എന്നും, വാട്ട്സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്‍റ് സന്ദേശ കൈമാറ്റ ആപ്പുകള്‍ വഴിയുള്ള പ്രചരണം തടയാന്‍ എങ്ങനെ സാധിക്കും എന്നതില്‍ വ്യക്തമായ ഉത്തരം ഇല്ല. വാക്‌സീന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് വന്‍ സ്വീകാര്യതയാണുള്ളത്. സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിജിറ്റല്‍ ഹെയ്റ്റ് എന്ന സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്താനായത് വാക്‌സീന്‍ വിരുദ്ധതയെ അമേരിക്കയില്‍ ഏകദേശം 5.8 കോടി പേര്‍ പിന്തുണയ്ക്കുന്നു എന്നാണ്. യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും വാക്‌സീന്‍ വിരുദ്ധര്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നാണ് പഠനം പറയുന്നത്.

വാക്‌സിന്‍ വിരുദ്ധതയെക്കുറിച്ച് പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് സൗത് കാരലൈനയിലെ പ്രഫസര്‍ ബ്രൂക് മക്ഈവര്‍ പറയുന്നത് വാക്സിന്‍ വിരുദ്ധത വലിയ പ്രശ്നമായി വളരും എന്നത് തന്നെയാണ്. കൊവിഡ് 19നെതിരായി വാക്‌സിനുകള്‍ അതിവേഗമാണ് വികസിപ്പിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുന്നത്. ഇത് വാക്സിന്‍ അനുകൂലികളായ എന്നാല്‍ സുരക്ഷയില്‍ ആശങ്കയുള്ളവരെ ഭയപ്പെടുത്തുന്നു. ഈ ഒരു കാരണം കൊണ്ടുതന്നെ ചില വ്യാജ വാര്‍ത്തകള്‍ സ്വീകരിക്കപ്പെട്ടേക്കാം. ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചാല്‍ കോവിഡ്-19 അതിന്റെ ജൈത്രയാത്ര തുടരും. എന്നാല്‍ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ വലിയ പ്രചാരണം ആവശ്യമാണ് ഇദ്ദേഹം പറയുന്നു.

Follow Us:
Download App:
  • android
  • ios