Asianet News MalayalamAsianet News Malayalam

ലോകത്ത് ആദ്യമായി 5ജി അവതരിപ്പിച്ച് ദക്ഷിണ കൊറിയ

ഈ സേവനം ലഭിക്കാന്‍ 5ജി സെറ്റുകള്‍ ആവശ്യമാണ്. സാംസങ്ങ് എസ്10 ആണ് ഇപ്പോള്‍ ദക്ഷിണകൊറിയയില്‍ ലഭിക്കുന്ന ഏറ്റവും പുതിയ 5ജി സെറ്റ്

South Korea launches the world's first commercial 5G network
Author
South Korea, First Published Apr 3, 2019, 5:47 PM IST

സിയോള്‍: ലോകത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി സേവനം വെള്ളിയാഴ്ച (ഏപ്രില്‍ 6) മുതല്‍ ദക്ഷിണകൊറിയയില്‍ ആരംഭിക്കും. ഇപ്പോള്‍ നിലവില്‍ ലഭിക്കുന്ന 4ജി സേവനത്തേക്കാള്‍ 20 മടങ്ങ് വേഗതയാണ് പുതിയ സേവനത്തിന് ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതായത് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടുന്ന സമയം വെറും സെക്കന്‍റുകള്‍ മാത്രമാണ്. ലോകത്ത് ആദ്യമായാണ് 5ജി സേവനം വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നത്. ദക്ഷിണകൊറിയയില്‍ മുഴുവന്‍ ഈ സേവനം ലഭ്യമാക്കും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്. 

ഈ സേവനം ലഭിക്കാന്‍ 5ജി സെറ്റുകള്‍ ആവശ്യമാണ്. സാംസങ്ങ് എസ്10 ആണ് ഇപ്പോള്‍ ദക്ഷിണകൊറിയയില്‍ ലഭിക്കുന്ന ഏറ്റവും പുതിയ 5ജി സെറ്റ്. ഇതിന്‍റെ അരങ്ങേറ്റമായിരിക്കും പുതിയ സേവനം എന്നാണ് വിലയിരുത്തല്‍. ദക്ഷിണകൊറിയ്ക്ക് പിന്നാലെ ചൈന, യുകെ, യുഎസ്എ രാജ്യങ്ങള്‍ 5ജി അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുകയാണ്. 

ആറ് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് കൊറിയന്‍ സാമ്പത്തിക രംഗം 2018 ല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പുതിയ വേഗതയേറിയ ഇന്‍റര്‍നെറ്റ് അവതരിപ്പിക്കുന്നതോടെ വ്യാവസായിക ലോകത്ത് സംഭവിക്കുന്ന ഉണര്‍വ് ഇത് മറികടക്കാന്‍ സഹായിക്കും എന്നാണ് സാമ്പത്തിക-ടെക് വിദഗ്ധരുടെ അഭിപ്രായം. സ്മാര്‍ട്ട് സിറ്റികള്‍, ഓട്ടണോമസ് ഗതാഗതം എന്നിവയ്ക്ക് 5ജി ഉണര്‍വ് നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒപ്പം 5ജി എത്തുന്നതോടെ വിനോദ രംഗത്തും, ഗെയിമിംഗ് രംഗത്തും വലിയ മാറ്റങ്ങള്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേ സമയം 5ജി അവതരിപ്പിക്കുന്ന കൊറിയയിലെ എസ്കെ ടെലികോം ദശലക്ഷക്കണക്കിന് പണമാണ് ഇതിന്‍റെ പരസ്യത്തിനായി മുടക്കുന്നത്. കൊറിയന്‍ പോപ്പ് താരങ്ങളെയും കായിക താരങ്ങളുടെയും 5ജി പരസ്യം കൊറിയയില്‍ നിറയുകയാണ്.

Follow Us:
Download App:
  • android
  • ios