സിയോള്‍: ദക്ഷിണ കൊറിയയില്‍ വന്‍ പിഴ ശിക്ഷ ലഭിച്ച് ഫേസ്ബുക്ക്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു എന്ന കേസിലാണ് ദക്ഷിണ കൊറിയന്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന് പിഴ ചുമത്തിയത്. 6.06 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് പിഴതുക.

കഴിഞ്ഞ ആഗസ്റ്റിലാണ് കമ്മീഷന്‍ ഫേസ്ബുക്കിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കൊറിയയിലെ 18 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 3.3 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ അവര്‍ അറിയാതെ ഫേസ്ബുക്ക് ശേഖരിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയെന്നാണ് ഏജന്‍സി പറയുന്നത്. മെയ് 2012 മുതല്‍ ജൂണ്‍ 2018 വരെയുള്ള കാലഘട്ടത്തിലാണ് ഇത്. 

ഒരു ഓപ്പറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ട് മറ്റൊരു ടെലികോം ഓപ്പറേറ്ററില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഫേസ്ബുക്ക് തന്നെ ഉപയോക്താവിന്‍റെ വിവരങ്ങള്‍ സര്‍വീസ് പ്രൊവൈഡര്‍ക്ക് നല്‍കുന്നു എന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. ഇതേ രീതിയിലുള്ള സംഭവത്തിന് ഫേസ്ബുക്കിനെതിരെ അയര്‍ലാന്‍റില്‍ എടുത്ത നടപടികള്‍‍ ഉദ്ധരിച്ചാണ് കമ്മീഷന്റെ നടപടി.

എന്നാല്‍ കമ്മീഷന്‍ നടത്തിയ അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിരുന്നെന്നും, കമ്മീഷന്‍ ഇത്തരം ഒരു നിലപാട് എടുത്തത് ദൌര്‍ഭാഗ്യകരമാണ് എന്നുമാണ് ഫേസ്ബുക്കിന്‍റെ സിയോളിലെ വക്താവ് പ്രതികരിച്ചത്. നടപടിയുടെ പൂര്‍ണ്ണവിവരങ്ങളും രേഖകളും ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.