സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലും മെറ്റയ്ക്ക് തിരിച്ചടി. വാട്ട്സ് ആപ്പിന്റെ പ്രൈവസി പോളിസി സംബന്ധിച്ച് മെറ്റ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലും മെറ്റയ്ക്ക് തിരിച്ചടി. വാട്ട്സ് ആപ്പിന്റെ പ്രൈവസി പോളിസി സംബന്ധിച്ച് മെറ്റ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 2021-ലെ വാട്ട്സാപ്പിന്റെ അപ്‌ഡേറ്റ് ചെയ്ത പ്രൈവസി പോളിസിയെ സംബന്ധിച്ച് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത് മെറ്റാ സമർപ്പിച്ച ഹർജികളാണ് വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എം ആർ ഷാ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് മെറ്റയുടെ ഹർജി തള്ളിയത്. 

ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഇന്ത്യ നൽകിയ ഹർജി സെപ്റ്റംബർ 28ന് ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.ഓഗസ്റ്റിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ നൽകിയ അപേക്ഷ തള്ളുകയും പ്രത്യേക റിട്ട് പെറ്റീഷൻ വഴി സിസിഐയുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യം നൽകുകയും ചെയ്തതിനെ തുടർന്നാണ് ഫേസ്ബുക്ക് ഇന്ത്യ സിംഗിൾ ബെഞ്ചിനെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് വാട്ട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും ഹർജികളിൽ സിസിഐ നിർദ്ദേശിച്ച അന്വേഷണം തടയാൻ ഹൈക്കോടതി സിംഗിൾ ജഡ്ജി വിസമ്മതം അറിയിച്ചത്. കഴിഞ്ഞ വർഷം ജനുവരിയിൽ, വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വാട്ട്സാപ്പിന്റെ പുതുക്കിയ സ്വകാര്യതാ നയം പരിശോധിക്കാൻ സിസിഐ സ്വയം തീരുമാനിച്ചിരുന്നു. ഫേസ്ബുക്കുമായി വാട്ട്സാപ്പ് മത്സരവിരുദ്ധമായി ഉപയോക്തൃ ഡാറ്റ പങ്കിടുന്നത് സംബന്ധിച്ചാണ് തങ്ങളുടെ അന്വേഷണമെന്ന് ആന്റി ട്രസ്റ്റ് റെഗുലേറ്റർ പറഞ്ഞിരുന്നു. 

Read more:  ചാർജറുകളില്ലാതെ ഫോൺ വിറ്റ ആപ്പിളിന് വൻ തുക പിഴ

2021 ൽ സിസിഐയ്ക്ക് എതിരെ ഗൂഗിൾ രം​ഗത്തെത്തിയിരുന്നു. സ്വകാര്യത സംബന്ധിച്ച് അന്ന് ​ഗൂഗിൾ ഡൽഹി ഹൈക്കോടതിയിൽ റിട്ട് ഹർജി കൊടുത്തിരുന്നു. സിസിഐ ഡയറക്ടർ ജനറലിന് മുന്നിൽ സമർപ്പിക്കപ്പെട്ട ഗൂഗിളിനെ സംബന്ധിച്ച വസ്തുതകൾ ചോർന്നു എന്ന് ആരോപിച്ചായിരുന്നു കേസ്. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എഗ്രിമെൻറുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയായിരുന്നു ഗൂഗിളിൻറെ ഈ നിയമ നടപടി. ഗൂഗിളിൻറെയും, അതിൻറെ ഉപയോക്താക്കളോടുള്ള വിശ്വസത്തേയും ഹനിക്കുന്ന നടപടി എന്നാണ് ഹർജിയിൽ ഗൂഗിൾ ആരോപിക്കുന്നത്. ഗൂഗിളിൻറെ ഇന്ത്യയിലെ ബിസിനസ് സംബന്ധിച്ച് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ഭാഗങ്ങൾ ചോർന്നത് എന്നായിരുന്നു ഗൂഗിളിന്റെ ആരോപണം.