ബിയജിംഗ്: ലോകത്തെ ആശങ്കയിലാക്കുന്ന കൊറോണയുടെ പ്രഭവ കേന്ദ്രം വുഹാന്‍ നഗരമാണെങ്കിലും. ചൈനയിലെ എല്ലാ പ്രദേശത്തും ഇപ്പോള്‍ കൊറോണ രോഗികളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ചൈനയിലെ വ്യവസായ സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടികളാണ് സംഭവിച്ചിരിക്കുന്നത്. ചൈനയുടെ സാമ്പത്തിക രംഗത്തിന്‍റെ നട്ടെല്ലായ ഇലക്ട്രോണിക്ക് ഉത്പാദന രംഗം അതിന്‍റെ ഉത്പാദനത്തില്‍ വലിയ കുറവാണ് സമീപദിവസങ്ങളില്‍ കാണിക്കുന്നത്. ടെക് കമ്പനികള്‍ പലതും പൂട്ടിയിട്ടിരിക്കുകയാണ്.

പല കമ്പനികളും തങ്ങളുടെ വിദേശത്തുള്ള പ്രോജക്ടുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ടെക്കികളോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിക്കുന്നത്. അതിനായി വെര്‍ച്വല്‍ നെറ്റ്വര്‍ക്കുകള്‍ പരമാവധി ഉപയോഗിക്കുകയാണ് ടെക്കികള്‍. കഫേകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ വിജനമാകുകയോ, പൂട്ടുകയോ ചെയ്തതിനാല്‍ വെര്‍ച്വല്‍ ലോകത്തെ ചാറ്റ് റൂമുകളില്‍ ഒന്നിച്ച് വീട്ടിലിരുന്നാണ് ജോലികള്‍ പലരും മുന്നോട്ട് കൊണ്ടുപോകുന്നത്.

ചൈനയിലെ ഏറ്റവും ജനപ്രിയ ചാറ്റിംഗ് ആപ്പ് വിചാറ്റിലാണ് പലരും ഇത്തരത്തില്‍ ചര്‍ച്ച വേദികള്‍ രൂപീകരിച്ച് ജോലി മുന്നോട്ട് കൊണ്ടുപോകുന്നത്. സ്ലാക്ക് പോലുള്ള പ്രഫഷണല്‍ ചാറ്റ് സംവിധാനങ്ങളും ഉപയോഗിക്കുന്ന കമ്പനികള്‍ ഏറെയാണ്. കൊറോണ ഭീതി തീരുംവരെ ജോലികള്‍ ഇത്തരത്തില്‍ കൊണ്ടുപോകും എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിനോട് ഒരു ടെക് കമ്പനി പ്രതികരിച്ചത്. തങ്ങളുടെ ജീവനക്കാര്‍ പൂര്‍ണ്ണമായും ഈ സംവിധാനത്തോട് സഹകരിക്കുന്നുവെന്നും ഇവര്‍ പ്രതികരിക്കുന്നു.