ഹോങ്കോങ്: പബ്ജി നിരോധനം ചൈനയ്ക്ക് നല്‍കിയത് രണ്ട് ദിവസത്തില്‍ വന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെൻസെന്റിന്‍റെ വിപണി മൂല്യം പബ്ജി ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെ കുത്തനെ ഇടിയുന്നു എന്നാണ് ഓഹരി വിപണിയിലെ വാര്‍ത്തകള്‍ വരുന്നത്. ഇന്ത്യയിലെ പബ്ജി മൊബൈൽ നിരോധനത്തിന് പിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസത്തിനുള്ളിൽ ടെൻസെന്റിന് ഏകദേശം 2.48 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നഷ്ടമായി.

പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കേന്ദ്ര ഐടി മന്ത്രാലയം സെപ്തംബര്‍ രണ്ടാം തീയതി  നിരോധിച്ചത്. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്. കൂടുതലും ഗെയിമുകളും ക്യാമറ ആപ്പുകളും അടങ്ങുന്നതാണ് പട്ടിക. ചില ലോഞ്ചറുകളും നിരോധിച്ചവയുടെ പട്ടികയിലുണ്ട്. 

എന്നാല്‍ നിരോധിത പട്ടികയില്‍ ഏറ്റവും വാര്‍ത്ത പ്രധാന്യം നേടുന്നത് പബ് ജി തന്നെയാണ്. രാജ്യത്തെ ഇ-ഗെയിം രംഗത്തെ മുന്നണിക്കാരായി ഇന്ത്യയില്‍ ഇറങ്ങി രണ്ട് വര്‍ഷത്തില്‍ മാറിയ ഈ ഗെയിം ആപ്പിന്‍റെ അവസാനം പെട്ടെന്ന് ആയിരുന്നു.

 വ്യാഴാഴ്ച വ്യാപാരം തുടങ്ങിയ ഉടനെ ടെൻസെന്റ് ഓഹരികൾ 2 ശതമാനം ഇടിഞ്ഞു. ഏകദേശം 175 ദശലക്ഷം ഇൻസ്റ്റാളുകൾ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ. ഒരു ദക്ഷിണ കൊറിയൻ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിങ് കമ്പനികളിലൊന്നായ ടെൻസെന്റ് ആണ് പബ്ജി മൊബൈൽ പതിപ്പുമായി രംഗത്ത് ഉണ്ടായിരുന്നത്.

ഹോങ്കോങ് വിപണിയിൽ വ്യാഴാഴ്ച വ്യാപാരം തുടങ്ങുമ്പോൾ ടെൻസെന്റ് ഓഹരി വില 71 ഡോളറായിരുന്നു. ഇത് ക്ലോസ് ചെയ്യുമ്പോൾ 69 ഡോളറിലേക്ക് താഴ്ന്നു. പബ്ജിയിലെ 10 ശതമാനം ഓഹരികളും ടെൻസെന്റിന്റെ കൈവശമാണ്. 

ചൈനീസ് ബന്ധമുള്ള ആപ്പുകള്‍ക്ക് മുകളില്‍ കേന്ദ്ര സര്‍‍ക്കാര്‍ നടത്തുന്ന നടപടികളില്‍ ടിക് ടോക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനകീയമായ നടപടിയായിരിക്കും പബ് ജി നിരോധനം എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. കാരണം പബ് ജി, പബ് ജി ലൈറ്റ് എന്നീ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ 50 ദശലക്ഷം സജീവ കളിക്കാര്‍ ഉണ്ട്. 

13 ദശലക്ഷമാണ് ഒരു ദിവസം ഇത് കളിക്കുന്നവരുടെ ഇന്ത്യയിലെ എണ്ണം.എന്നാല്‍ മറ്റൊരു പ്രധാനകാര്യം പബ് ജിയുടെ അടുത്തിറങ്ങിയ മൊബൈല്‍ ഇതര പതിപ്പുണ്ട്. പേഴ്സണല്‍ കമ്പ്യൂട്ടര്‍ പതിപ്പാണ് ഇത്. ഇത് എന്നാല്‍ പൂര്‍ണ്ണമായും ചൈനീസ് ബന്ധം ഇല്ലാത്തതാണ്. ഇതിന് ഇപ്പോള്‍ വിലക്കും വന്നിട്ടില്ല. അതേ സമയം മൊബൈല്‍ പതിപ്പുകള്‍ക്ക് പിന്നില്‍ ചൈനീസ് കമ്പനി ടെന്‍സെന്‍റ് ഗെയിംസ് ആണെന്നതാണ് പബ് ജി മൊബൈല്‍ പതിപ്പിന് വിനയായത്.

ഇന്ത്യൻ ഉപയോക്താക്കളിൽ നിന്ന് മാത്രം 2019 ൽ 100 ദശലക്ഷം ഡോളർ ആണ് പബ്ജി മൊബൈൽ സമ്പാദിച്ചത്. മൊബൈൽ ഗെയിമുകൾക്കായി ഇന്ത്യൻ ഉപയോക്താക്കൾ ചെലവഴിച്ചതിന്റെ നാലിലൊന്ന് പബ്ജി മൊബൈൽ ആണെന്നും വൃത്തങ്ങൾ അറിയിച്ചു. നിരോധനം പ്രഖ്യാപിച്ച തുമുതൽ ടെൻസെന്റിന്റെ ഓഹരി വിപണി ഇടിഞ്ഞുവീഴുകയായിരുന്നു.