Asianet News MalayalamAsianet News Malayalam

ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയും നീക്കങ്ങള്‍ ആരംഭിച്ചു

നേരത്തെ അമേരിക്ക ടിക്ടോക്ക് നിരോധിച്ചേക്കും എന്ന വാര്‍ത്ത വന്നിരുന്നു.  ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. 

The Australian government concern about TikTok is not just about data ethics
Author
Melbourne VIC, First Published Jul 11, 2020, 8:29 AM IST

മെല്‍ബണ്‍: ടിക്ടോക്ക് നിരോധിക്കാന്‍ ഓസ്ട്രേലിയയും നീക്കങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഓസ്ട്രേലിയയും ഇത്തരം ഒരു നീക്കം ആരംഭിച്ചത്. ടികോടോക്കിന്‍റെ വളരെ വേഗത്തില്‍ വളരുന്ന ഒരു വിപണിയാണ് ഓസ്ട്രേലിയ. ടിക്ടോക്ക് ശേഖരിക്കുന്ന ഡാറ്റ സംബന്ധിച്ച് അന്വേഷണം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നാണ് സൂചന. ഡേവിഡ് വാര്‍ണര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ ഓസ്ട്രേലിയന്‍ സെലിബ്രെറ്റികള്‍ വളരെ സജീവമായി ടിക്ടോക്ക് ചെയ്യുന്ന ഇടമാണ് ഓസ്ട്രേലിയ.

നേരത്തെ അമേരിക്ക ടിക്ടോക്ക് നിരോധിച്ചേക്കും എന്ന വാര്‍ത്ത വന്നിരുന്നു.  ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം പറയാന്‍ കഴിയില്ല. എന്നിരുന്നാലും അത്തരമൊരു ആലോചന നടക്കുന്നുണ്ട്, എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടിക്ക് ടോക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

അതേ സമയം ടിക്ടോക്കിന് ആഗോള നിരോധനം ഏര്‍പ്പെടുത്തണം എന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വര്‍ദ്ധിക്കുകയാണ്. പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പ് അനോണിമസ് ടിക്ടോക്കിനെതിരെ രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. ടിക്ടോക്ക് ചൈനീസ് സര്‍ക്കാറിന് വേണ്ടി ചാര വൃത്തി നടത്തുന്നു എന്നാണ് അനോണിമസിന്‍റെ ആരോപണം.

ഇന്ത്യയില്‍ നിരോധനം ലഭിക്കുന്നതിന് മുന്‍പുള്ള ദിവസമാണ് ആപ്പിള്‍ ഐഫോണിലെ ക്ലിപ്പ്ബോര്‍ഡ് വിവരങ്ങള്‍ ടിക്ടോക്ക് ഉപയോക്താവ് അറിയാതെ മനസിലാക്കുന്നു എന്ന കാര്യം വെളിവായത്. ഐഒഎസ് 14 ബീറ്റ അപ്ഡേഷനിലൂടെയാണ് ഈ കാര്യം ലോകം അറിഞ്ഞത്. മാര്‍ച്ചില്‍ തന്നെ ഇത് സംബന്ധിച്ച് ചില സ്വതന്ത്ര്യ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ഇത് സമ്മതിച്ച ടിക്ടോക്ക് ഏപ്രിലില്‍ ഈ പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെട്ടു. എന്നാല്‍ ഈ രഹസ്യമായ ചോര്‍ത്തല്‍ ഇപ്പോഴും തുടരുന്നു എന്നാണ് പുതുതായ കണ്ടെത്തല്‍.

അതേ സമയം കഴിഞ്ഞ ദിവസം ചൈനയിലെ പുതിയ ദേശീയ ഡിജിറ്റല്‍ നിയമത്തെ തുടര്‍ന്നു ഹോങ്കോംഗ് വിപണിയില്‍ നിന്ന് പുറത്തുകടക്കുകയാണെന്നു ടിക്ക് ടോക്ക്. ആപ്ലിക്കേഷന്‍ ആപ്പ് സ്‌റ്റോറിലും ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ഇവിടെ ഡൗണ്‍ലോഡ് ഇനി ലഭ്യമല്ല. ബീജിംഗ് പാസാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമമാണ് സസ്‌പെന്‍ഷന് കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 

ആപ്ലിക്കേഷന്‍ അടുത്തിടെ ഇന്ത്യയില്‍ നിരോധിക്കുകയും ഇന്ത്യയിലെ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തതിരുന്നു. 

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, ഹോങ്കോങ്ങിലെ ആപ്പ് സ്‌റ്റോറില്‍ നിന്നും പ്ലേ സ്‌റ്റോറില്‍ നിന്നും അപ്ലിക്കേഷന്‍ നീക്കംചെയ്തു കഴിഞ്ഞു. നിലവില്‍ ടിക്ക് ടോക്ക് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് ഇത്തരമൊരു സന്ദേശമാണ്.

 'നിങ്ങള്‍ ടിക്ക് ടോക്കിനായി ചെലവഴിച്ച സമയത്തിനും ജീവിതത്തില്‍ അല്‍പ്പം സന്തോഷം നല്‍കാനുള്ള അവസരം നല്‍കിയതിനും നന്ദി! ഹോങ്കോങ്ങില്‍ ടിക് ടോക്ക് പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ നിര്‍ത്തിവച്ചതായി നിങ്ങളെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു.'

ഹോങ്കോങ്ങില്‍ 1.5 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഹോങ്കോംഗ് ബീജിംഗിന്റെ അധികാരപരിധിയില്‍ വരുമോ എന്ന് ഉറപ്പില്ലാത്തതിനാലും ചൈന ചുമത്തിയ ദേശീയ സുരക്ഷാ നിയമത്തിന് ശേഷവുമാണ് ടിക്ക് ടോക്കിന്റെ ഈ നടപടി. 
 

Follow Us:
Download App:
  • android
  • ios