ബാഴ്സിലോണ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ബാഴ്സിലോണയില്‍ നടക്കാനിരുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് റദ്ദാക്കി. സംഘാടകരായ ജിഎസ്എം അസോസിയേഷനാണ് പത്ര കുറിപ്പിലൂടെ ഈ കാര്യം അറിയിക്കുന്നത്. ലോകത്തിലെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും വലിയ ഷോയായ ബാഴ്സിലോണയിലെ മൊബൈല്‍ കോണ്‍ഗ്രസ് ഫിബ്രവരി 24 മുതല്‍ 27വരെയാണ് നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്.

ബാഴ്സിലോണയിലേയും, അതിഥേയ രാജ്യത്തിലെ ആരോഗ്യ പരിസ്ഥിതി പരിഗണിച്ച് ലോക മൊബൈല്‍ കോണ്‍ഗ്രസ് 2020 റദ്ദാക്കുകയാണ്. ആഗോളതലത്തില്‍ കൊറോണയ്ക്കെതിരായ പുലര്‍ത്തുന്ന ജാഗ്രതയുടെ ഭാഗമാണ്. ഒപ്പം ലോക മൊബൈല്‍ കോണ്‍ഗ്രസ് 2020 മാറ്റിവയ്ക്കാനുള്ള സാഹചര്യം ജിഎസ്എം അസോസിയേഷന് ഇല്ല. അതിഥേയ നഗരത്തിലെ അധികൃതരും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. ലോക മൊബൈല്‍ കോണ്‍ഗ്രസ് 2021 ലേ പതിപ്പിലേക്കാണ് ഇനി ശ്രദ്ധ വയ്ക്കുന്നത്. ഇതിനൊപ്പം ചൈനയിലും ലോകത്തിലെ വിവിധ ഭാഗങ്ങളിലും കൊറോണ ബാധിതരായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു - ലോക മൊബൈല്‍ കോണ്‍ഗ്രസ് സംഘാടകരായ ജിഎസ്എം അസോസിയേഷന്‍ അറിയിച്ചു.

മൈബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്. 

അതേ സമയം കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1335 ആയി. ഹുബൈ പ്രവശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം ഏങ്ങോട്ടേയ്ക്കും വ്യാപിക്കാൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് ലോകാര്യോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. 

ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു. കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു.