മുംബൈ: ഇന്ത്യന്‍ ടെലികോം മേഖല ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വ്യക്തമാക്കി എയര്‍ടെല്‍ ഉടമകളായ ഭാരതി എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തല്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടെലികോം മേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി എയര്‍ടെല്‍ തലവന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യയിലെ ടെലികോം വ്യവസായം തകരുമെന്ന് സുനില്‍ മിത്തല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോഴത്തെ അവസ്ഥ ദുഷ്കരമാണ്, ഞാന്‍ പറയുന്നത് എല്ലാവരുടെയും അതിജീവനമാണ്. വോഡഫോണ്‍ ഐഡിയ നഷ്ടത്തിലാണ്, എയര്‍ടെല്‍ നഷ്ടത്തിലാണ്, ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ് മിത്തല്‍ സൂചിപ്പിച്ചു. എന്നാല്‍ ഞങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട് -അതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ലെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമാണ് ജിയോയെ പരോക്ഷമായി പരാമര്‍ശിച്ച് എയര്‍ടെല്‍ മേധാവി പറഞ്ഞു.

അതേ സമയം ഇന്ത്യയിലെ ടെലികോം മേഖലയില്‍ കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികള്‍ വേണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു. സുപ്രീംകോടതി എജിആര്‍ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രം അനുഭാവ പൂര്‍വ്വമായ ആശ്വസ നടപടികള്‍ നല്‍കണം എന്നാല് മാത്രമേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. നികുതികള്‍ കുറച്ചും മറ്റും ഈ മേഖലയെ ഈ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നിലനിര്‍ത്തണം.

ടെലികോം മേഖലയിലെ പ്രശ്നങ്ങള്‍ ആ മേഖലയെ മാത്രമല്ല, നമ്മുക്ക് കാണാന്‍ കഴിയാത്ത പ്രത്യാക്ഷതങ്ങള്‍ ഉണ്ടാക്കും. എജിആര്‍ ഉടന്‍ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ പോലും പ്രതിസന്ധിയിലാണ്. 

ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാല്‍ അതിനെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിര്‍ത്തേണ്ടത് അത്യവശ്യമാണ്. ഉടന്‍ തന്നെ ടെലികോം മേഖലയില്‍ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 200 രൂപ ആദ്യവും പിന്നെ ഇത് 300 രൂപയുമായി വര്‍ദ്ധിപ്പിക്കണം - സുനില്‍ മിത്തല്‍ പറഞ്ഞു.

അതേ സമയം ടെലികോം നിരക്കുകള്‍ വീണ്ടും ഉയര്‍ന്നേക്കും എന്ന സൂചനകള്‍ നല്‍കി ടെലികോം റെഗുലേറ്ററി അതോറിറ്റി. ഡാറ്റയ്ക്കും, കോളുകള്‍ക്കും മിനിമം നിരക്ക് പ്രഖ്യാപിക്കാന്‍ ട്രായി ഒരുങ്ങുന്നു എന്നാണ് സൂചന. ഇതോടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ തങ്ങളുടെ നിരക്കുകള്‍ വളരെ താഴ്ന്ന നിലിയിലാക്കുവാന്‍ സാധിക്കില്ല.  ഇതോടെ വീണ്ടും ടെലികോം കമ്പനികള്‍ പ്ലാനുകള്‍ പുന: പരിശോധിച്ചാല്‍ ഡാറ്റ കോള്‍ നിരക്കുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

. ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഐഡിയ പ്രമോട്ടര്‍മാരായ ബിര്‍ള ഗ്രൂപ്പ് മേധാവി കെഎം ബിര്‍ള ഈ രംഗത്ത് സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലെങ്കില്‍ ഐ‍ഡിയ വോഡഫോണ്‍ പൂട്ടിപ്പോകുമെന്ന് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ടെല്‍ മേധാവിയുടെ തുറന്നുപറച്ചില്‍.