സൈബര്‍‍ ഒളിഞ്ഞുനോട്ടം വ്യാപകമാകുന്നു എന്ന കണക്കുകളാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. തങ്ങളുടെ പങ്കാളിയുടെ ഫോണില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ സെര്‍ച്ച് ഹിസ്റ്ററി അവര്‍ അറിയാതെ പരിശോധിക്കുന്നതാണ് ഈ ഒളിച്ചുനോട്ടത്തിലെ പ്രധാന പ്രവര്‍ത്തനം.

ദില്ലി: ഇന്ത്യയിലെ 74 ശതമാനം മുതിര്‍ന്നവരും തങ്ങളുടെ പങ്കാളി, കാമുകി അല്ലെങ്കില്‍ കാമുകന്‍ എന്നിവരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അവര്‍ അറിയാതെ നിരീക്ഷിക്കുന്നവരാണ് എന്നാണ് നോര്‍ട്ടന്‍ ലൈഫ് ലോക്കിന്‍റെ പഠന റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തിലെ പ്രധാന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ നോര്‍ട്ടന്‍റെ 2021ലെ 'നോര്‍ട്ടന്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ് റിപ്പോര്‍ട്ടാണ്' ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത്. 

സൈബര്‍‍ ഒളിഞ്ഞുനോട്ടം വ്യാപകമാകുന്നു എന്ന കണക്കുകളാണ് ഇവരുടെ റിപ്പോര്‍ട്ടില്‍ ഉള്ളത്. തങ്ങളുടെ പങ്കാളിയുടെ ഫോണില്‍ അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ സെര്‍ച്ച് ഹിസ്റ്ററി അവര്‍ അറിയാതെ പരിശോധിക്കുന്നതാണ് ഈ ഒളിച്ചുനോട്ടത്തിലെ പ്രധാന പ്രവര്‍ത്തനം. ഇത്തരം ഒളിച്ചുനോട്ടങ്ങള്‍ പതിവാക്കിയവരില്‍ 32 ശതമാനം പേരും ഈ പ്രവര്‍ത്തി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പങ്കാളിയുടെ ഉപകരണത്തിലെ സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍, ഇ-മെയിലുകള്‍, ഫോട്ടോകള്‍ എന്നിവ പരിശോധിക്കുന്നവര്‍ 31 ശതമാനം വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ സയമം ഇതിലും ഗൗരവമായി ലൊക്കേഷന്‍ ആപ്പുകള്‍ ഉപയോഗിച്ച് പങ്കാളി പോകുന്ന സ്ഥലവും സമയവും ട്രാക്ക് ചെയ്യുന്നവര്‍ 29 ശതമാനം വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

അതേ സമയം ഇതില്‍ 26 ശതമാനം പേര്‍ പങ്കാളിയുടെ അറിവോടെയാണ് തങ്ങള്‍ അവരുടെ ഫോണ്‍ പരിശോധിക്കുന്നത് എന്ന് അവകാശപ്പെടുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം 25 ശതമാനം പേര്‍ പങ്കാളി അറിയാതെയും, മറ്റ് ആപ്പുകള്‍ ഉപയോഗിച്ചും പങ്കാളിയുടെ ഫോണ്‍ നിരീക്ഷിക്കുന്നു എന്നും നോര്‍ട്ടണ്‍ വെളിപ്പെടുത്തുന്നു.

ഇത്തരം നിരീക്ഷണം നടത്തുന്നതില്‍ 39 ശതമാനം പേരും പറയുന്നത്. ഇത് നടത്തുന്നത് പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ്. എന്നാല്‍ 36 ശതമാനം പേര്‍ എന്താണ് പങ്കാളി ചെയ്യുന്നത് എന്ന് അറിയാനാണ് ഇതെന്ന് സമ്മതിക്കുന്നു. അതേ സമയം 33 ശതമാനം പേര്‍ തങ്ങളുടെ പങ്കാളിയും തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നുണ്ട്.

'ഒരാളെ ഓണ്‍ലൈനില്‍ ഉണ്ടോ അയാളുടെ പ്രവര്‍ത്തനം എന്തെന്ന് അയാളുടെ പബ്ലിക്കായ ഡാറ്റയില്‍ നിന്നും മനസിലാക്കുന്നത് തെറ്റല്ല, ഒരു വ്യക്തിയുടെ എല്ലാ പ്രവര്‍ത്തനവും അറിയാന്‍ ടെക്നോളജി ഉപയോഗിക്കുന്നതും, അത് ഒരു പതിവായി മാറുന്നതും പ്രശ്നമാകും" -നോര്‍ട്ടന്‍ ഇന്ത്യ സാര്‍ക്ക് ഡയറക്ടര്‍ റിതേഷ് ചോപ്ര ഇത് സംബന്ധിച്ച് പറയുന്നു. 'റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മുതിര്‍ന്ന വ്യക്തികളില്‍ പകുതിയില്‍ ഏറെപ്പേര്‍ തങ്ങളുടെ ഇപ്പോഴത്തെ അല്ലെങ്കില്‍ മുന്‍പത്തെ കാമുകിയെ അല്ലെങ്കില്‍ കാമുകനെ, പങ്കാളിയെ അവരുടെ സൈബര്‍ ലോകത്തെ ഇടപെടലുകള്‍ എല്ലാം ഒളിഞ്ഞു നോക്കുന്നു എന്നാണ്. അവര്‍ക്ക് അറിയാം അവര്‍ പിടിക്കപ്പെടില്ലെന്ന്. എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ഇത് നിര്‍ണ്ണായകമാണ് ഇന്ത്യയില്‍ ഒരാളുടെ ഓണ്‍ലൈന്‍ സാന്നിധ്യം ചെക്ക് ചെയ്യുന്നതും, അയാളെ ഒളിഞ്ഞുനോക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ല എന്നതാണ്' -റിതേഷ് ചോപ്ര തുടരുന്നു.

അതേ സമയം പഠനത്തില്‍ പറയുന്നത് 51 ശതമാനം പേര്‍ തങ്ങളെ ആരെങ്കിലും ഓണ്‍ലൈനില്‍ നിരീക്ഷിക്കുന്നത് ഭയക്കുന്നില്ല എന്നാണ്. അതേ സമയം ആധുനികമായി നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന 'സ്റ്റാക്ക് വെയര്‍, 'ക്രിപ്പ് വെയര്‍' തുടങ്ങിയ സംവിധാനങ്ങള്‍ സംബന്ധിച്ച് 32 ശതമാനം പേര്‍ക്കും പരിചയമില്ലെന്നും സര്‍വേ പറയുന്നു. 35 ശതമാനത്തോളം പേര്‍ ഈ പേരുകള്‍ പോലും കേട്ടിട്ടില്ലെന്നും പഠനം പറയുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.