ദില്ലി: ടിക്ടോക് വീഡിയോ ഷെയറിംഗ് ആപ്പിന്‍റെ റേറ്റിംഗ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കുത്തനെ കുറയുന്നു. ഏറ്റവും അവസാനം ആഴ്ചകള്‍ക്ക് മുന്‍പ് 4.5ന് മുകളില്‍ റൈറ്റിംഗ് ഉണ്ടായിരുന്ന ആപ്പിന്‍റെ റൈറ്റിംഗ് 1.3 ലേക്ക് താഴ്ന്നു. അതിന് പുറമേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക്ടോക്കിന് 1 സ്കോര്‍ റേറ്റിംഗ് നല്‍കുന്നവരുടെ എണ്ണം കൂടുകയാണ് ഒപ്പം തന്നെ ആപ്പിന് വലിയതോതില്‍ നെഗറ്റീവ് റിവ്യൂവാണ് വരുന്നത്.

ഇതിനെല്ലാം പുറമേ ട്വിറ്റര്‍ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ആപ്പിനെതിരെ വലിയ പ്രചാരണം നടക്കുന്നുണ്ട്. ട്വിറ്ററില്‍ #banTikTokIndia എന്ന ഹാഷ്ടാഗും,  #tiktokexposed എന്ന ഹാഷ്ടാഗും കുറച്ചു ദിനങ്ങളായി ട്രെന്‍റിംഗായി കിടക്കുകയാണ്. അടുത്തിടെ സൈബര്‍ പ്ലാറ്റ്ഫോമില്‍ ഉടലെടുത്ത യൂട്യൂബ് ടിക്ടോക്ക് തര്‍ക്കത്തിന്‍റെ പരിണാമമാണ് പുതിയ സംഭവവികാസങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയ നിരീക്ഷകരുടെ അഭിപ്രായം.

കേരളത്തില്‍ അടക്കം അടുത്തിടെ ടിക്ടോക്ക് യൂട്യൂബ് സൈബര്‍ പോര് വ്യക്തമാണ്. ദേശീയ തലത്തില്‍ പ്രത്യേകിച്ച് ഹിന്ദി ഭാഷയില്‍ ഇത് തുടങ്ങിയിട്ട് കുറച്ചുനാളായി. ടിക്ടോക്ക് യൂട്യൂബ് താരങ്ങള്‍ പരസ്പരം റോസ്റ്റ് വീഡിയോകള്‍ ഇടുന്നത് ഏറെ ചര്‍ച്ചയായിട്ടുമുണ്ട്. അടുത്തിടെയാണ് ക്യാരിമിനിയാറ്റി എന്ന് പേരുള്ള യൂട്യൂബ് യൂസര്‍ ( ഇദ്ദേഹത്തിന്‍റെ ശരിക്കും പേര് അജയ് നഗര്‍) ടിക്ടോക് റോസ്റ്റിംഗ് വീഡിയോ ഇട്ടത്. 'YouTube vs TikTok: The End'എന്ന ടൈറ്റിലില്‍ ഇറക്കിയ വീഡിയോ വലിയ തരംഗമാണ് സൃഷ്ടിച്ചത്. 24 മണിക്കൂറിനുള്ളില്‍ 3 ദശലക്ഷം കാഴ്ചക്കാരെ വീഡിയോ ഉണ്ടാക്കി.

പ്രധാനമായും ടിക്ടോക്കിലെ താരമായ അമീര്‍ സിദ്ദിഖിയുടെ വീഡിയോകളെ റോസ്റ്റ് ചെയ്തായിരുന്നു ഈ വീഡിയോ തയ്യാറാക്കിയത്. എന്നാല്‍ വീഡിയോ ശ്രദ്ധേയമായതിന് പിന്നാലെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. യൂട്യൂബ് ഉപയോഗ നിയമങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞാണ് ദശലക്ഷങ്ങള്‍ കണ്ട വീഡിയോ നീക്കം ചെയ്തത്. ഇതിന് പിന്നാലെയാണ് പ്രമുഖ യൂട്യൂബറായ ക്യാരിമിനിയാറ്റിയുടെ ആരാധകരും മറ്റും ടിക്ടോക് റേറ്റിംഗ് കുറച്ച് പ്ലേസ്റ്റോറില്‍ പ്രതിഷേധം തുടങ്ങിയത്.

ഇതിനിടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് വന്നത്. ടിക്ടോക്കിലെ താരമായ അമീര്‍ സിദ്ദിഖിയുടെ സഹോദരന്‍ ഫൈസല്‍ സിദ്ദിഖിയുടെ ഒരു ടിക്ടോക്ക് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി. സ്ത്രീകള്‍ക്കെതിരായ അസിഡ് ആക്രമണങ്ങളെ ഫൈസല്‍ സിദ്ദിഖി മഹത്വവത്കരിക്കുന്നു എന്നതാണ് വീഡിയോയ്ക്ക് എതിരെ ഉയര്‍ന്ന ആരോപണം. ഇത് ഇപ്പോഴും ടിക്ടോക് നിലനിര്‍ത്തിയത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശനം ഉയര്‍ന്നു. സംഭവം ഹിന്ദി ചാനലുകളില്‍ അടക്കം വാര്‍ത്തയായി. ഇതോടെയാണ് #tiktokexposed എന്ന ഹാഷ്ടാഗ് വൈറലായത്.  റിപ്പബ്ലിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ ടിക്ടോക് ഇന്ത്യയില്‍ നിരോധിക്കണം എന്ന് തുറന്നടിച്ചു. 

ഇതോടെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തുറന്ന പോരിലേക്ക് നീങ്ങിയിരിക്കുകയാണ് ടിക്ടോക് യൂട്യൂബ് പോര്. ശരിക്കും ടിക്ടോക് യൂട്യൂബ് പോര് എന്നതിനപ്പുറം ടിക്ടോക്ക് നിരോധനം വീണ്ടും സജീവ ചര്‍ച്ചയിലേക്ക് എത്തിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍ വികസിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ടിക്ടോക്ക് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കോടതികളില്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് പുതിയ വിവാദം തലപൊക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കേരളത്തില്‍ അര്‍ജുന്‍ എന്ന യൂട്യൂബര്‍ തുടങ്ങിയ ടിക്ടോക്ക് വിമര്‍ശനങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും സജീവമാണെങ്കിലും ദേശീയ തലത്തില്‍ സാധാരണ സോഷ്യല്‍ മീഡിയ തര്‍ക്കം എന്നതിനപ്പുറം രാഷ്ട്രീയ പ്രശ്നമായി ഇത് മാറുന്നുവെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നുണ്ട്.

"