ദില്ലി: അടുത്തക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ടിക് ടോക്. ചൈനീസ് നിര്‍മ്മിതിയായ ഈ വീഡിയോ ഷെയറിംഗ് ആപ്പ് വലിയ നിയമപ്രശ്നങ്ങള്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ടിക്ടോക് ആപ്പിന്‍റെ ഇന്ത്യയിലെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന കേസുകളാണ് വിവിധ കോടതികളില്‍ നടക്കുന്നത്. അശ്ലീലവും സഭ്യമല്ലാത്തതുമായി ഉള്ളടക്കത്തിന്‍റെ പേരിലാണ് ടിക്ടോക് പഴി കേള്‍ക്കുന്നത്.

ഈ പരാതി വ്യാപകമായതോടെ തങ്ങളുടെ പ്ലാറ്റ് ഫോമില്‍ എത്തുന്ന വീഡിയോകളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ടിക്ടോക്. കഴിഞ്ഞ മാസം ലക്ഷക്കണക്കിന് വീഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ക്യാംപെയിന്‍ ടിക്ടോക് ആരംഭിക്കുന്നത്.

#WaitASecToReflect എന്ന പ്രചാരണം ഉപയോക്താക്കളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ ശാക്തീകരണ ഫൗണ്ടേഷനുമായി (ഡിഇഎഫ്) സഹകരിച്ചാണ് ടിക്‌ടോക് മികച്ച ഉള്ളടക്കങ്ങള്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടമായി ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലായാണ് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണ വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുന്നത്. 

രാജ്യത്തെ ചെറുപട്ടണങ്ങളിലെ യുവജനങ്ങള്‍ക്കാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ആധിപത്യമെന്നും സ്മാര്‍ട് ഫോണുകളിലൂടെ അവര്‍ ആദ്യമായി ഡിജിറ്റല്‍ ലോകം ആസ്വദിക്കുകയാണെന്നും ശരിയായ മാര്‍ഗത്തിലൂടെ നയിച്ചാല്‍ ഇവരെ ശാക്തീകരിക്കുമെന്നും, ടിക്‌ടോക്കുമായുള്ള സഹകരണത്തിലൂടെ ബോധമുള്ള ഡിജിറ്റല്‍ സാക്ഷരതയുള്ള ജനതയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും ഈ സഹകരണത്തിലൂടെ യുവജനങ്ങളെ ഉത്തരവാദിത്വമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ക്ക് പ്രാപ്തമാക്കാനുള്ള ദൗത്യമാണിതെന്നാണ് ടിക് ടോക് അഭിപ്രായപ്പെടുന്നത്.

പ്രചാരണത്തിന്റെ ഭാഗമായി ഓണ്‍ലൈനില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യും മുൻപ് ഒരു സെക്കന്‍ഡ് വെയ്റ്റ് ചെയ്ത് ഒന്നു ചിന്തിക്കുമെന്ന് പ്രതിജ്ഞയെടുക്കാനും ടിക്‌ടോക് ഉപയോക്താക്കളോട് അഭ്യര്‍ഥിക്കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് www.waitasec.in ല്‍ ലോഗിന്‍ ചെയ്യാം.