ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിരോധനം നേരിട്ടതിന് പിന്നാലെ ആഗോള വ്യാപകമായി വലിയ വെല്ലുവിളിയാണ് ടിക്ടോക് ആപ്പും അതിന്‍റെ മാതൃകമ്പനിയായ ചൈനയുടെ ബൈറ്റ്ഡാന്‍സും അഭിമുഖീകരിക്കുന്നത്. അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ ഇതിനകം തന്നെ ഈ വീഡിയോ ആപ്പിനെ വിലക്കാനുള്ള സാധ്യതകള്‍ ആലോചിക്കുകയാണ്.

അതേ സമയം അമേരിക്കയില്‍ പിടിച്ചുനില്‍ക്കാനുള്ള അവസാന ശ്രമത്തിലാണ് ടിക്ടോക്. അതിനായി അമേരിക്കയിലെ വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക സഹായം വിതരണം ചെയ്യും എന്നാണ് ടിക്ടോക്കിന്‍റെ പുതിയ പ്രഖ്യാപനം. 20 കോടി അമേരിക്കന്‍ ഡോളര്‍ ഇതിനകം വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുന്നത് എന്നാണ് ടിക്ടോക് അവകാശവാദം. 149.63 കോടി രൂപയോളം വരും ഇത്.

നേരത്തെ തന്നെ ഹോളിവുഡ് താരങ്ങളും, താരങ്ങളെ പ്രമോട്ട് ചെയ്യുന്ന ഏജന്‍സികളുമായി കരാറിലുള്ള ടിക് ടോക്ക് പുതിയ നീക്കത്തിലുടെ തങ്ങളുടെ ക്രിയേറ്റേര്‍സിന് നേരിട്ട് പ്രതിഫലം നല്‍കുന്ന രീതിയിലേക്കാണ് നീങ്ങുന്നത്. ആഗസ്റ്റ് മാസം മുതല്‍ ക്രിയേറ്റേര്‍സിന് ഇതിന് വേണ്ടി അപേക്ഷിക്കാം. 

ഒരു ചെറിയ സമയത്തിനുള്ളില്‍ തന്നെ ഇതില്‍ ചിവവഴിക്കുന്നവര്‍ക്ക് ടിക് ടോക് ഒരു വരുമാന മാര്‍ഗം കൂടിയാണ് എന്ന് ബോധ്യമാകണം- ടിക് ടോക് അമേരിക്ക ജനറല്‍ മാനേജര്‍ വനേസാ പപ്പാസ് പറയുന്നു. മറ്റു രാജ്യങ്ങളിലും ഇത്തരം പ്രതിഫല പരിപാടി ടിക്ടോക്ക് ആലോചിക്കുന്നു എന്നാണ് സൂചന. ഈ വര്‍ഷം ആദ്യം ടിക് ടോക് ചില മ്യൂസിക്ക് കമ്പനികളുമായി അവരുടെ സംഗീതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിരുന്നു.