ന്യൂയോര്‍ക്ക്: ഡേറ്റിംഗ് ആപ്പായി ടിന്‍ററില്‍ നിങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യാം. ഇതോടെ ഈ ആപ്പ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ ബ്ലോക്ക് ചെയ്ത വ്യക്തിക്ക് ഒരിക്കലും മനസിലാകില്ല. ശനിയാഴ്ചയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച കാര്യം ടിന്‍റര്‍ പുറത്തുവിട്ടത്.

ദ വെര്‍ജിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഈ ഫീച്ചര്‍ ടിന്‍റര്‍ സെറ്റിംഗ്സില്‍ ലഭ്യമാണ്. ബ്ലോക്ക് കോണ്‍ടാക്റ്റ് എന്നാണ് സെറ്റിംഗില്‍ ഈ മെനുവിന്‍റെ പേര്. ഇതില്‍ നിങ്ങള്‍‍ക്ക് ബ്ലോക്ക് ചെയ്യേണ്ട കോണ്‍ടാക്റ്റ് നല്‍കാം. ഇതിലൂടെ നിങ്ങളുടെ ആപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ബ്ലോക്ക് ചെയ്ത നമ്പറില്‍ നിന്നും ആപ്പ് ഉപയോഗിക്കുന്നുവെങ്കില്‍ ഒരിക്കലും അയാള്‍ കടന്നുവരില്ല. നേരെ തിരിച്ച് നിങ്ങളുടെ പ്രവര്‍ത്തനം അയാള്‍ക്കും കാണാന്‍ സാധിക്കില്ല.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് മുഴുവനായോ, അല്ലെങ്കില്‍ ഒരോ വ്യക്തിയെ ആയോ ബ്ലോക്ക് ചെയ്യാനുള്ള സൌകര്യം ലഭ്യമാണ്. അതേ സമയം തങ്ങള്‍ ഉപയോക്താവിന്‍റെ കോണ്‍ടാക്റ്റ് ലിസ്റ്റ് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്ന് ഇത് സംബന്ധിച്ച സ്വകാര്യത ചോദ്യത്തിന് ടിന്‍റര്‍ മറുപടി നല്‍കുന്നു. ബ്ലോക്ക് ചെയ്യാന്‍ മാത്രമായിരിക്കും ഉപയോക്താവ് നല്‍കുന്ന നമ്പര്‍ ഉപയോഗിക്കുക എന്നാണ് ടിന്‍റര്‍ പറയുന്നത്.

ഒരു കോണ്‍ടാക്റ്റിനെ ടിന്‍ററില്‍ ബ്ലോക്ക് ചെയ്താല്‍ ബ്ലോക്ക് ചെയ്യപ്പെട്ടവര്‍ക്ക് യാതൊരു നോട്ടിഫിക്കേഷനും നല്‍കില്ല. എന്നാല്‍ മറ്റൊരു ഫോണ്‍ നമ്പര്‍‍ ഉപയോഗിച്ച് അവര്‍ ടിന്‍റര്‍ ഉപയോഗിച്ചാല്‍ തീര്‍ച്ചയായും ബ്ലോക്ക് ചെയ്ത വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ കാണാം.